ഗർഭപാത്രം

By Sakeer Kottikulam • May 9, 2020

ജീവിതത്തിൽ ഏറ്റവും കൂടുതൽ വേഷങ്ങൾ കെട്ടിയാടുന്നവരാണ് സ്ത്രീകൾ

ഒരു സ്ത്രീ ഭാര്യയാകുന്നു, മകളാകുന്നു സഹോദരിയാകുന്നു, കാമുകിയാകുന്നു
പിന്നെ ഗർഭപാത്രത്തിലൂടെ
അമ്മയാകുന്നു ..ഉമ്മയാകുന്നു

ഒരു സ്ത്രീ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടപ്പെടുന്നവൾ ആകുന്നത് അവർ അമ്മയുടെ വേഷം കെട്ടുമ്പോൾ മാത്രമാണ്..

സ്വാർത്ഥയും,കുശുമ്പും,അസൂയയും പിടിവാശിയും,പകയും, വിദ്വേഷവും ഒന്നും ഇല്ലാത്ത ഒരു ദൈവികമായ അവസ്ഥയാണ് മാതൃത്വം.

ഒരു മാതാവ്‌ ക്ഷമയുള്ളവരാണ്,വിശാല മനസ്കരാണ്,സ്നേഹസ്വരൂപിണിയാണ്, വാത്സല്യനിധിയാണ്,നിസ്വാർത്ഥരാണ്
അങ്ങനെ വിശേഷണങ്ങൾ ഏറെയേറെയാണ്.

ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ വേദന സഹിച്ചാണ് ഒരു മാതാവ് തന്റെ കുഞ്ഞിന് ജന്മം കൊടുക്കുന്നത് ..
ശരീരത്തിലെ എല്ലാ അസ്ഥികളും പൊട്ടി നുറുങ്ങുന്ന പ്രാണ വേദനയിലും താൻ നൊന്തു പ്രസവിച്ച മകന്റെ,മകളുടെ ചോര തുടിക്കുന്ന മുഖം കാണുമ്പോൾ അവർ എല്ലാ വേദനയും മറക്കുന്നു ..
ആ നിമിഷം മുതൽ ഒരു അമ്മ എല്ലാം മറക്കാനും പൊറുക്കാനും ശീലിച്ചു തുടങ്ങുന്നു ..ഒപ്പം
ജീവിക്കാൻ മറന്നും തുടങ്ങുന്നു.

പിറന്നു വീഴുന്ന ചോരക്കുഞ്ഞിന്റെ ഭാഷ ഒരു അമ്മയ്ക്ക് മനസ്സിലാവുന്നു..അവരുടെ വിശപ്പിന്റെയും വേദനയുടെയും ഭാഷ ഒരു അമ്മ മനസിലാക്കുന്നു
പൊക്കിൾക്കൊടി ബന്ധം എന്ന് നമ്മളൊക്കെ പറയാറില്ലേ,
യഥാർത്ഥത്തിൽ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഗർഭപാത്രത്തിനകത്തു വെച്ചാണ്…
പത്തുമാസത്തോളം അവർ ഗർഭപാത്രത്തിനകത്തു വെച്ചു പരസ്പരം സംസാരിച്ചും..സ്നേഹിച്ചും തലോടിയും..ഇണങ്ങിയും പിണങ്ങിയും പ്രണയത്തിലാകുന്നു..

ഗർഭപാത്രത്തിനകത്തിരിക്കുമ്പോൾ തന്നെ അവന്റെ,അവളുടെ പരിഭവങ്ങളും പരാതികളും തുടങ്ങുകയാണ് ..
അവർ ഇണങ്ങാനും പിണങ്ങാനും തുടങ്ങുന്നു.
നിശബ്ദമായ അവരുടെ കുസൃതിത്തരങ്ങളും പിടിവാശികളും മനസിലാക്കി ആ അമ്മ അവരെ ആശ്വസിപ്പിക്കാനും..സ്വാന്തനിപ്പിക്കാനും തുടങ്ങുന്നു അങ്ങിനെ ആ കുഞ്ഞുഹൃദയം ആദ്യമായി മനസിലാക്കുന്നു അമ്മ എന്ന വ്യക്തി അവന്റെ വിഷമങ്ങൾക്കും വേദനകൾക്കുമുള്ള ഒറ്റമൂലിയാണെന്ന്
(സ്വന്തമായി ഒരു കുടുംബം ആയിട്ട് പോലും പലരും മനസിന് വിഷമം വരുമ്പോൾ അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്നതിന്റെ കാരണം അതാണ്)

ഒരിക്കൽ ആ പൈതൽ കരയുമ്പോൾ അമ്മ അവനെ മുലയൂട്ടി ..മറ്റൊരിക്കൽ കരയുമ്പോൾ നെഞ്ചോടു ചേർത്ത് അവനെ ഉറക്കി ..മറ്റൊരിക്കൽ കരയുമ്പോൾ ആ അമ്മ തിരിച്ചറിയുന്നു അവന്റെ പ്രശ്നം വയറുവേദനയാണെന്നു, മറ്റൊരിക്കൽ ആ അമ്മ തൊട്ടറിയുന്നു ചെവി വേദനയാണെന്ന് അങ്ങനെയങ്ങനെ മിണ്ടാനും പ്രതികരിക്കാനും കഴിയാത്ത ആ കുഞ്ഞ് ഹൃദയം ആഗ്രഹിക്കുന്നതെന്തും ആ അമ്മ മനസ്സിലാക്കുമ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കും ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ ബന്ധത്തിന്റെ ദൃഢത

അമ്മ അവനെ മടിയിൽ ചെരിച്ചു കിടത്തുമ്പോൾ അവന്റെ ചുണ്ടുകൾ മുലപ്പാലിനായി വെമ്പൽ കൊള്ളുന്നു ..
അവനെ തൊട്ടിലിൽ കിടത്തുമ്പോൾ അവൻ അറിയുന്നു എനിക്ക് ഉറങ്ങാനുള്ള സിഗ്നൽ ആണെന്ന്, താരാട്ടു പാടുമ്പോൾ അവൻ അറിയുന്നു മയക്കത്തിലേക്കുള്ള സംഗീതമാണെന്ന്,
കണ്ണുരുട്ടി നോക്കുമ്പോൾ അവനറിയാം സംഗതി കലിപ്പാണെന്ന്,
കുഞ്ഞു ശരീരം മൊത്തം എണ്ണപുരട്ടി പുൽപായയിൽ കിടത്തിയാൽ അവനറിയാം കുളിച്ചു കുട്ടപ്പനായി സവാരി ഗിരി ഗിരിക്കുള്ള പുറപ്പാടാണെന്ന്,
മരുന്ന് കുപ്പിയുടെ അടപ്പ് എടുക്കുമ്പോൾ മുതൽ അവൻ അസ്വസ്ഥനാകുന്നു ..
കാരണം അവൻ തന്റെ മാതാവിനെ അത്രയേറെ മനസ്സിലാക്കിയിരിക്കുന്നു ..

അവന്റെ കുഞ്ഞു ലോകത്തിലെ കൺ കണ്ട ദൈവം ആണ് അമ്മ..
അവന്റെ ഓരോ ചുവടുവെയ്പ്പിലും അമ്മയുടെ കരങ്ങൾ ഉണ്ട്..
അവൻ വളരുന്നു അമ്മയിലൂടെ ..
അവൻ ഈ ലോകം കാണുന്നു അമ്മയിലൂടെ ..

വൽക്കഷണം:ഏഴു മാസം പ്രായമുള്ള എന്റെ മകന്റെ മനസ്സ് തൊട്ടറിയുന്ന അവന്റെ ഉമ്മയാണ് ഈ എഴുത്തിനുള്ള പ്രചോദനം

സ്നേഹത്തോടെ സ്വന്തം സക്കു


|