മരണ പ്രണയം

പണ്ട് കോളേജ് പഠന കാലത്ത് ‘ഇരുട്ടില്‍ വിളറിയ പ്രഭ’ എന്ന പേരില്‍ എഴുതിയ മുഴുനീള പ്രണയ കഥയുടെ ക്ലൈമാക്സ് രംഗം ഇവിടെ വീണ്ടും കുറിക്കുന്നു

സീന്‍ 1
പ്രക്ഷുബ്ധമായ കടൽ തീരം..
അതിനേക്കാള്‍ വേദനകള്‍ കൊണ്ട് പ്രക്ഷുബ്ധമാണ് രാഹുല്‍ മാധവ്ന്റെ മനസ്സ്..
ഏകാന്തതയിലേക്ക് നോക്കി നില്‍ക്കുന്ന അവന്റെ കണ്ണുകളില്‍ കണ്ണീര് തളം കെട്ടി നില്ക്കുന്നുണ്ട്..
അവന്റെ ചുമലില്‍ സാബുവിന്റെ കര സ്പര്‍ശം മെല്ലെ വന്ന് വീണു
‘രാഹുല്‍.. ഞാന്‍ എവിടെയൊക്കെ നിന്നെ നോക്കിയെന്നു അറിയുമോ’

നിശബ്ദത..

സാബു വീണ്ടും ചോദിച്ചു…

‘അവളെ കാണാന്‍ പോകുന്നില്ലേ നീ’
രാഹുൽ കണ് പോളകള്‍ മെല്ലെ ചിമ്മിയടച്ചു..
അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ മണല്‍ തരികളെ അഗാധമായി ചുംബിച്ചു..

‘എന്ത് നില്‍പ്പ് ആണെടാ ഇത്.. അവിടെ ഹോസ്പിറ്റലില്‍ എല്ലാവരും നിന്നെ കാത്തിരിപ്പ് ആണ്, ഈ സമയത്ത്‌ അല്ലെ നീ സ്വപ്നയെ കാണാന്‍ ചെല്ലേണ്ടത്’

രാഹുല്‍ പതിയെ സംസാരിച്ചു തുടങ്ങി..
‘ഇല്ല ഡാ, ഞാന്‍ ഇല്ല.. എനിക്ക് അവളെ ഈ അവസ്ഥയില്‍ കാണാന്‍ വയ്യ’

‘രാഹുൽ പ്ലീസ്.. പറയുന്നത് മനസ്സിലാക്കൂ- നീ ഇങ്ങനെ എല്ലാം മനസ്സിലിട്ട് ചിന്തിച്ച് കൂട്ടരുത്- അറിയാല്ലോ നിനക്ക്.. ഒരിക്കല്‍ മനസ്സിന്റെ താളം തെറ്റി എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ടവനാണ് നീ, എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ഫലമായാണ് നിന്നെ ഞങ്ങള്‍ക്ക് വീണ്ടും തിരിച്ച് കിട്ടിയത്’
രാഹുല്‍ നിസ്സഹായത യോടെ സാബുവിന്റെ മുഖത്തേക്ക് നോക്കി.
‘ സാബു… നമുക്ക് കുറച്ച് നടക്കാം, നീ വാ’ അവന്‍ കടൽ തീരത്തു കൂടി മുന്നോട്ടെക്ക് നടന്നു നീങ്ങി.. കൂടെ സാബുവും.
‘എടാ നമുക്ക് എന്തും വിലയിട്ടു നേടാൻ പറ്റും.. ഒരു പെണ്ണിന്റെ മനസ്സ് ഒഴിച്ച് – അല്ലെ’
സാബു മിണ്ടാതെ അവനെ നോക്കി നിന്നു.
‘സത്യം പറയാലോ ഞാന്‍ ഒന്നിനെയും ഇത്ര അഗാധമായി മനസ്സില്‍ കൊണ്ട്‌ നടന്നിട്ടില്ല.. എന്തിന് എന്റെ അമ്മയെ പോലും’

ചെറിയൊരു നിശബ്ദത..
‘എന്നിട്ടും അവൾ എന്തേ എന്റെ മനസ്സ് തിരിച്ചറിയാണ്ട് പോയി, അവള്‍ക്ക് വേണ്ടി ഞാന്‍ ആ പാവം പ്രിയയെ പോലും ഒരു കളിപ്പാവയാക്കി അതിന്റെ ജീവിതവും നശിപ്പിച്ചു’

സാബു പെട്ടെന്ന് ഇടയില്‍ കയറി സംസാരിച്ചു

‘അവളുടെ ജീവിതം നശിപ്പിച്ചതില്‍ ഞാനും കാരണക്കാരന്‍ ആണ്- ഒന്നും മനപ്പൂര്‍വ്വം ആയിരുന്നില്ല, നിനക്ക് ഒരിക്കലും സ്വപ്നയെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ നിന്റെ മനസ്സ് ഒന്ന് ശാന്തമാക്കാന്‍ ആണ് ആ പാവം പ്രിയയെ നിന്റെ ജീവിതത്തിലേക്ക് വലിച്ചിട്ടത്, അത് പക്ഷേ അതിനെക്കാളും വലിയ വേദനയായി മാറി’
‘ ഇല്ല സാബു, സ്വപ്ന എന്റെ പ്രണയം മനസിലാക്കിയാലും ഇല്ലെങ്കിലും എനിക്ക് ഇത് വരെ പ്രിയയെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല.. എനിക്ക് ഒരിക്കലും അതിന് പറ്റില്ല -പ്രിയ എന്നും എന്റ നല്ല സുഹൃത്ത് മാത്രമായിരുന്നു, എല്ലാം മനസ്സിന്റെ താളം നഷ്ടപ്പെട്ടപ്പോള്‍ സംഭവിച്ച വലിയ തെറ്റ് – ഞാന്‍ പ്രി യ യോട് ചെയ്ത തെറ്റുകള്‍ ഒന്നും ഒരിക്കലും പൊറുക്കാന്‍ പറ്റാത്തതാണ്.. പാവം ഞാന്‍ അവളെ കൊല്ലാന്‍ പോലും…. ‘

രാഹുലിന്റെ വാക്കുകൾ ഇടമുറിഞ്ഞു വീണു

സാബു വീണ്ടും ഇടയില്‍ കയറി സംസാരിച്ചു
‘എടാ വേണ്ട.. കഴിഞ്ഞതൊന്നും ഇനി ചികഞ്ഞു എടുക്കേണ്ട- എല്ലാം ഒരു ദു:സ്വപ്നം ആണെന്ന് കരുതുക – നിന്റെ കുഞ്ഞിനെ ഉദാരത്തില്‍ ചുമക്കുന്നവളാണ് പ്രിയ..
അത് മറക്കരുത്’

രാഹുലിന് മൗനം..

‘രാഹുൽ, ഞാന്‍ നിന്നെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..
നീ ഇനിയെങ്കിലും ആ സത്യം മനസിലാക്കണം.. സ്വപ്നയ്ക്ക് ഒരിക്കലും നിന്റെ സ്നേഹം തിരിച്ചറിയാൻ പറ്റില്ല..
കാരണം അവൾ അത്രമാത്രം ആ അരുണിനെ പ്രണയിച്ചിരുന്നു.. ഒരു ദിവസം പോലും ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ലെങ്കിലും ഒരു ആയുസ്സിന്റെ പ്രണയം അവർ ഒരുമിച്ച് ജീവിച്ച് തീര്‍ത്തിട്ടുണ്ട്’

രാഹുൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു

‘ സാബു.. പ്ലീസ് നിര്‍ത്തു, നീ എന്തേ എന്നെ മനസിലാക്കാതെ സംസാരിക്കുന്നു’

‘രാഹുൽ നിന്നെ മനസ്സിലാക്കാന്‍ പറ്റാത്തത് കൊണ്ടല്ല..
ആ സ്വപ്നയുടെ മനസ്സ് കാണാന്‍ പറ്റുന്നത് കൊണ്ടാണ്- സ്വപനയുടെയും അരുണിന്റെയും പ്രണയം അത്രയ്ക്ക് അഗാധമായിരുന്നു’

‘അപ്പോൾ എന്റെയോ സാബു..?
ഞാന്‍ എന്റെ ജീവിതത്തിൽ ആദ്യം പ്രണയിച്ചത് അവളെയാണ്. ആദ്യ നോട്ടത്തില്‍..
അത് വരെ മറ്റാരോടും തോന്നാത്ത ഒരിഷ്ടം…

എനിക്ക് അറിയില്ലായിരുന്നു അവൾ കല്യാണം കഴിഞ്ഞ കുട്ടിയാണെന്ന്’

‘രാഹുൽ എല്ലാം ശെരിയാണ്, പക്ഷെ വിധി അരുണിനെ കൊണ്ട് പോയിട്ടും ഇന്നും അരുണും അവന്റെ പ്രണയം നല്‍കിയ മധുരവും സ്വപ്നയുടെ മനസ്സിൽ ഉണ്ട്..
നീ അവളെ സ്നേഹിക്കുന്നതിനേക്കാള്‍ ഒരായിരം പതിന്മടങ്ങ് കൂടുതൽ..

അത് കൊണ്ട് തന്നെ നിന്റെ പ്രണയം അവൾ ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ലെന്ന സത്യം നീ ഇനിയെങ്കിലും മനസിലാക്കണം.. അല്ലെങ്കിൽ നശിച്ചു പോകുന്നത് നിന്റെ മാത്രമല്ല..
പ്രിയയുടെയും ജീവിതമാണ്…

രാഹുലിന്റെ മുഖത്ത് സങ്കടം തളം കെട്ടി നില്‍ക്കുന്നു.

‘വാ.. നമുക്ക് ഹോസ്പിറ്റലില്‍ പോകാം..
അവളെ കാണാം..
മരുന്നുകളോട് ഒന്നും അവൾ ഇപ്പോൾ പ്രതികരിക്കുന്നില്ല..

പെട്ടെന്ന് രാഹുൽ പൊട്ടിക്കരഞ്ഞു കൊണ്ട് സാബുവിനെ ചേര്‍ത്തു പിടിച്ചു
‘ ഇല്ല.. അവളെ ഞാന്‍ ഒരു വിധിക്കും വിട്ട് കൊടുക്കില്ല.. എനിക്ക് വേണം അവളെ’

രാഹുൽ ഒരു കൈക്കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞു..

സീന്‍ 2
ഹോസ്പിറ്റല്‍ വരാന്തയിലൂടെ വിറയാര്‍ന്ന കാൽ വെപ്പുകളുമായി രാഹുലും, സാബുവും ICU റൂമിന്റെ വാതില്‍ ലക്ഷ്യമിട്ട് കൊണ്ട് വേഗത്തിൽ നടന്നു…

പെട്ടെന്ന് മുമ്പില്‍ വീല്‍ ചെയറില്‍ പ്രിയ…
രാഹുല്‍ പകച്ച് നിന്നു..

ക്ഷീണിച്ച് അവശയാണ് അവൾ.. മനസ്സിന്റെ താളം നഷ്ടപ്പെട്ട സമയം കത്രിക കൊണ്ട്‌ രാഹുൽ കുത്തി പരിക്കേല്‍പ്പിച്ച അവളുടെ മുഖ ത്തും,കഴുത്തിലും ആഴത്തിലുള്ള മുറിവിന്റെ പാടുകള്‍ കാണാം.

നിസ്സഹായതയോടെ അവൾ പറഞ്ഞു.
‘കുറെ നാള്‍ ആയി കാണാത്തതു കൊണ്ട് കാണാന്‍ ഒരു മോഹം,നീ ഇവിടെ വരുമെന്ന് അറിയാം..
അത് കൊണ്ട് രാവിലെ മുതൽ ഞാൻ ഇവിടെ വന്ന് കാത്തു നില്‍ക്കുകയാണ്,

രാഹുൽ പതിയെ ചോദിച്ചു..
നിനക്ക് സുഖമാണോ?

‘ഇപ്പോൾ കുറച്ചു ഭേദം ആണ്, ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ആരും കരുതിയില്ല..
92 ദിവസമാണ് ഹോസ്പിറ്റലില്‍ മരണത്തോട് പോരടിച്ചു നിന്നത്.. എന്റെ വയറ്റില്‍ വളരുന്ന നിന്റെ കുഞ്ഞിന്റെ ഭാഗ്യം കൊണ്ട്‌ ആയിരിക്കും ജീവൻ തിരിച്ചു കിട്ടിയത്’

രാഹുൽ ദൂരേക്ക് നോക്കി.

‘എന്നെ ഓര്‍ത്ത് നീ പേടിക്കണ്ട.. ഞാന്‍ ഒന്നിനും വരില്ല, നീ എന്റെ വയറ്റില്‍ തന്ന കുഞ്ഞിനെ പൊന്ന് പോലെ ഞാന്‍ നോക്കും, പക്ഷെ ഒരിക്കലും നിന്നെ തേടി വരില്ല, എല്ലാവരും കൂടി എനിക്ക് വെറുതെ മോഹങ്ങള്‍ തന്നു’
അവൾ സാബുവിനെ നോക്കി.
കുറ്റബോധം കൊണ്ട് അവന്‍ മുഖം താഴ്ത്തി..
‘ആരോടും എനിക്ക് പരിഭവമില്ല… ആരോടും.. എന്നെ ഇങ്ങനെ ആക്കിയ ദൈവത്തിനോട് പോലും’

ഇതും പറഞ്ഞു അവൾ വീല്‍ചെയറിലേക്ക് സ്വയം ഇരുന്ന് കൊണ്ട്‌ മുന്നോട്ട് നീങ്ങി..
അവൾ പോയ വഴിയെ അവർ രണ്ട് പേരും അലസമായി നോക്കി നിന്നു..

ഡോക്ടര്‍ ജോൺ സ്കറിയ രാഹുലിന്റെ ചുമലില്‍ തട്ടി..
അവന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി..

‘ സുഖമാണോ രാഹുല്‍?
‘അതെ ഇച്ചായ, സുഖം’
‘അപ്പനെ കണ്ടോ നീ.. മുകളിലെ റൂമിൽ ഉണ്ട്’
‘ഇല്ല.. ഞാന്‍ അങ്ങോട്ട് പോയില്ല.. നേരെ ഇവിടെ വന്നു.. ഇവളെ കാണാന്‍’
രാഹുൽ വീണ്ടും പറഞ്ഞു…
‘എന്താ ഇപ്പൊ സ്വപ്നയുടെ അവസ്ഥ?’
ഡോക്ടർ തലയാട്ടി കൊണ്ട് പറഞ്ഞു
‘ഒന്നും പറയാറായിട്ടില്ല.. എപ്പോഴോ ബോധം വന്നപ്പോള്‍ എന്തോ അവൾ പറയാൻ ശ്രമിക്കുന്നുണ്ട്, നിന്റെ പേരോ മറ്റോ.. ഒന്നും വ്യക്തമല്ല’
രാഹുല്‍ വേദനയോടെ ചോദിച്ചു.
‘ അവളെ രക്ഷപ്പെടുത്താന്‍ പറ്റില്ലേ ഇച്ചായ’
‘ എല്ലാം ദൈവത്തിന്റെ കയ്യിലാണ്.. നീ ചെന്ന് കാണൂ അവളെ’
ഡോക്ടർ തിരിഞ്ഞ് നടന്നു..

രാഹുല്‍ നേരെ ICU റൂമിലേക്ക് നടന്നകന്നു..
ബോധമില്ലാതെ കിടക്കുന്ന സ്വപ്നയുടെ ചാരെ രാഹുൽ ചെന്നിരുന്നു..
ചലനമില്ലാതെ… കണ്ണ് തുറക്കാതെ കിടക്കുന്ന സ്വപ്നയുടെ കണ്‍ പോളകളില്‍ അവന്‍ മെല്ലെ തലോടി.. വിറയാര്‍ന്ന അവന്റെ ചുണ്ടുകള്‍ അവളുടെ കൈത്തടങ്ങളില്‍ ചുംബിച്ചു… പ്രാണനെ പോലെ സ്നേഹിക്കുന്ന സ്വപ്നയുടെ ഈ അവസ്ഥ അവനെ ഏറെ വേദനിപ്പിക്കുന്നു.. അവന്റെ ഹൃദയം വിതുമ്പുകയാണ്.
അവന്റെ മനസ്സ് മന്ത്രിച്ചു
‘സ്വപ്നെ.. ജീവിതത്തിൽ ഞാന്‍ മറ്റ് എന്തിനെക്കാളും സ്നേഹിച്ച നിന്റെ ഈ കിടപ്പ് എനിക്ക് താങ്ങാന്‍ ആവുന്നില്ല..ഒരിക്കലെങ്കിലും നിന്റെ നാവില്‍ നിന്നും സ്നേഹത്തോടെ രാഹുൽ എന്ന വിളി ഞാന്‍ കൊതിക്കുന്നു.. പക്ഷേ എന്റെ സ്നേഹം നീ അറിയാതെ പോകുന്നു.. മനസ്സിലാക്കാതെ പോകുന്നു, ഒന്നും നിന്റെ തെറ്റ് ആയിരിക്കില്ല.. എന്റെ വിധി ഇത് ആവും’
നീ നിന്റെ അരുണിനെ ഒരുപാട് സ്നേഹിച്ചിട്ടുണ്ടാവും.. പക്ഷേ അതൊന്നും എനിക്ക് നിന്നെ സ്നേഹിക്കുന്ന തിന് ഒരു തടസ്സം അല്ലല്ലോ’

അവന്‍ വിതുമ്പുകയാണ്.. അവന്റെ രണ്ട് കൈക്കുമ്പിളില്‍ അവന്‍ അവളുടെ മുഖം കോരിയെടുത്തു.. നിറകണ്ണുകളോടെ അവന്‍ അവളെ തന്നെ നോക്കി നിന്നു… നിമിഷങ്ങളോളം…അവന്റെ മിഴി നീര്‍ തുള്ളികള്‍ അവളുടെ കവിളിലും നെറ്റിയിലും തലോടി കൊണ്ടേയിരുന്നു
അവന്റെ ചിന്തകള്‍ നിലയില്ലകയങ്ങളില്‍ ചെന്ന് പെടുന്ന പോലെ.. ഓര്‍മ്മകള്‍ അവനെ കുത്തി നോവിക്കുന്നു,സ്വപ്നയും പ്രിയയും അവന്റെ മനസ്സിന്റെ ഇരു വര്‍ഷങ്ങളിലും ഇരുന്നു പെരുമ്പറ കൊട്ടുന്ന പോലെ, അവന്റെ നെറ്റിത്തടത്തിലൂടെ വിയര്‍പ്പ് തുള്ളികള്‍ ഒലിച്ചു തുടങ്ങി,രാഹുല്‍ അവളെ തന്നെ നോക്കിയിരിപ്പാണ്.പെട്ടെന്ന് ആണ് അവന്‍ അത് ശ്രദ്ധിച്ചത്
അടഞ്ഞ് കിടന്ന അവളുടെ കണ്ണുകൾ പതിയെ തുറക്കാന്‍ ശ്രമിക്കുന്ന പോലെ … ചുണ്ടുകള്‍ എന്തോ പറയാൻ വിങ്ങുന്ന പോലെ…
അവളുടെ ചുണ്ടുകള്‍ വികലമായ ഭാഷയിലൂടെ പതിയെ മന്ത്രിച്ചു

‘അ രു ണ്‍’
‘അ രു ണ്‍’

നെടുവീര്‍പ്പോടെ അവന്‍ മുഖം ഉയർത്തി അവളെ നോക്കി.. അവളുടെ കൈകൾ പതിയെ അവന്റെ വലത്തെ കവിളിലൂടെ തടവി വീണ്ടും മന്ത്രിച്ചു
‘അ രു ണ്‍’..

അത് കേട്ട് അവന്റെ ശ്വാസം നിലച്ച പോലെ.. ഒരിക്കലും അവൾ എന്നെ മനസിലാക്കില്ലെന്ന തോന്നലുകള്‍ അവന്റെ ചിന്തകളെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിച്ചു.

അവന്റെ നെറ്റിത്തടം വിയര്‍ത്തു…
ശ്വാസത്തിന്റെ വേഗത വര്‍ധിച്ചു… സിരകളില്‍ അഗ്നി പടരുന്ന പോലെ..
ആ സമയം അവൾ വീണ്ടും ചുണ്ടുകള്‍ അനക്കി അരുണിന് വേണ്ടി…
അവന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങി
പെട്ടെന്ന് അവന്റെ കൈകൾ മേശയുടെ മുകളിലെ കത്രിക യിലേക്ക് നീണ്ടു.. കത്രികയില്‍ അവന്‍ മുറുകെ പിടിച്ചു…
അവന്റെ ഉറച്ച കൈകൾ അവളുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി..
ഉച്ചത്തില്‍ നിലവിളി.. അലര്‍ച്ച..
നേഴ്സ്മാര്‍ ഓടിക്കൂടുന്നു

ICU റൂമിന്റെ വാതില്‍ ചവിട്ടി തുറന്ന് അവന്‍ പുറത്തേക്കോടി.. എല്ലാവരും ഓടിക്കൂടി…
രാഹുൽ നിലവിളിച്ച് കൊണ്ട്‌ ഹോസ്പിറ്റല്‍ വരാന്തയിലൂടെ പുറത്തേക്കോടി…
പെട്ടെന്ന് സാബു അത് ശ്രദ്ധിച്ചു..
രാഹുലിന്റെ കൈകളിലെ കത്രികയില്‍ നിന്നും രക്തത്തുള്ളികൾ താഴേയ്ക്കു ഉറ്റി വീഴുന്നു…
നെടുവീര്‍പ്പോടെ അവന്‍ ഉറക്കെ വിളിച്ചു…
‘രാഹുൽ’ ‘രാഹുല്‍’,

അവന്‍ അലറി വിളിച്ച് കൊണ്ട് മുന്‍ വാതിലിലൂടെ പുറത്തേക്കോടി..
പ്രാണനെ പോലെ അവന്‍ സ്നേഹിച്ച അവന്റെ സ്വപ്ന സ്വന്തം കരങ്ങളാല്‍ തൊട്ടടുത്ത മുറിയില്‍ മരണ വേദന കൊണ്ട്‌ പുളയുന്നത് പോലും തിരിച്ചറിയാനാവാതെ ഭ്രാന്തമായ അവന്റെ പ്രണയം അവിടെ പൂവണിയുകയാണ്.
ഒരു മരണ പ്രണയം

Leave a Reply

Your email address will not be published. Required fields are marked *