എന്റെ പടന്നക്കാട് ഭാഗം 1
By Sakeer Kottikulam • May 3, 2020
എന്റെ പടന്നക്കാട് ഇങ്ങനെയായിരുന്നു …
8,9 വയസ്സ് മുതൽ 25 വയസ്സോളം ഞാൻ കണ്ടു വളർന്ന എന്റെ നാടിന്റെ ഒരു ഓർമ്മ പുതുക്കൽ
(പുതിയ തലമുറയ്ക്ക് അറിയാനും ..പഴയ നമ്മുടെ പ്രായം തൊട്ടുള്ളവർക്ക് ആ നല്ല കാലം ഓർമിച്ചെടുക്കാനുമാണ് ഈകുറിപ്പ്)
25 വർഷങ്ങൾക്ക് മുമ്പ് കാസർഗോഡ് ജില്ലയിലെ ഏറ്റവും പുരോഗതിയുണ്ടായിരുന്ന ഒരു പ്രദേശം ആയിരുന്നു നമ്മുടെ പടന്നക്കാട് ..
എല്ലാ നാട്ടിലെയും ജനങ്ങൾ പല ആവശ്യങ്ങൾക്കും നമ്മുടെ നാട്ടിലേക്ക് വരുമായിരുന്നു ..
എന്നും ആളും ബഹളവും തിരക്കും ..പക്ഷെ 10 വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ overbridge വന്നതോട് കൂടി നമ്മുടെ പടന്നക്കാട് ശെരിക്കും നാമാവശേഷമായി മാറി ..
ഓവർബ്രിഡ്ജ് വരുന്നതിനു മുമ്പുള്ള പടന്നക്കാടിന്റെ സൗന്ദര്യം നമുക്കൊന്ന് നോക്കാം
നമുക്ക് ഇടത്തേ വശത്തു നിന്ന് തുടങ്ങാം .
മാഷെ പീടികന്റെ രാസവളം സൂക്ഷിക്കുന്ന ഒരു കൊച്ചു കെട്ടിടം ..അതിന്റെ തൊട്ടടുത്തായിട്ട് ബാപ്പൂച്ചന്റെ ബാർബർ ഷോപ് .. ഉപ്പാന്റെ ബഡാ ദോസ്ത് ആയത് കൊണ്ട് അവിടെ പോയി ഓസിക്ക് പൗഡറും ക്രീമും തേക്കുന്നത് എന്റെ സ്ഥിരം പരിപാടിയാണ് ബാപ്പുച്ചന്റെ പീടികന്റെ ബാക്കിലാണ് രഘു ഏട്ടന്റെ സെയ്‌ക്കിൽ ഷോപ്പ് ..അവിടെയുള്ള അത്തിപഴം എന്നും എറിഞ്ഞിടുന്നത് സ്ഥിരം പരിപാടിയാണ്
പിന്നെ മാഷേ പീടിക ..
വളരെ മാന്യനും സ്നേഹ സമ്പന്നനുമാണ് കൃഷ്ണൻ മാഷ് ..പോസ്റ്റ്മാൻ കത്തുകൾ ടേബിളിന്റെ ഒരു മൂലയിലാണ് വെക്കാറുള്ളത് ..ആവശ്യക്കാർക്ക് അവിടെന്ന് നോക്കി എടുക്കാം .
അടുത്ത കെട്ടിടം കള്ള്ഷാപ്പ് ആണ് ..അതിന്റെ വാതിൽക്കൽ നിന്ന് നോക്കിയാൽ അങ്ങ് അകത്തോളം കാണാം ..ആരൊക്കെ അവിടെയിരുന്നു കള്ളു കുടിക്കുന്നുണ്ടെന്ന് എത്തിനോക്കാൻ വല്ലാത്ത ഒരു കൗതുകമാണ്..എല്ലാം 50 വയസ്സോടു അടുത്തവർ മാത്രം
(കള്ളൂനാറ്റം സഹിക്കാൻ പറ്റൂല്ല)
തൊട്ടടുത്തുള്ളത് അന്തിക്കിച്ചാന്റെ മൈക്ക് ആൻഡ് ഡിന്നർസെറ്റ് ആണ്..
അതിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലാണ് പോസ്റ്റോഫീസ് ..അതിന്റെ സൈഡിൽ ആയി അയ്യപ്പന്റെ ഗ്യാരേജ് ഷോപ്പും ഒരു പഴയ കെട്ടിടവും
അതിൽകൂടി നേരെ പടിഞ്ഞാറോട്ട് പോയാൽ ആണ് എന്റെ വീട്
(ഇന്നത്തെ ബേങ്ക് റോഡ്)
അതിന്റെ തൊട്ടു മുമ്പിലായി കണ്ണേട്ടന്റെ ഓംലറ്റ്,കരിക്ക് ഷോപ് ഉണ്ടായിരുന്നു
പിന്നെയുള്ള ബിൽഡിങ്ങിലെ ആദ്യ കെട്ടിടത്തിൽ പല കച്ചോടം മാറി മാറി വന്നിട്ടുണ്ട് ..(ഉമ്മറിന്റെ ഫ്രൂട്സ് കട ,മൂസച്ചന്റെ ജ്യൂസ് കട അങ്ങനെ കുറെ)
അടുത്തത് ഇബ്രാഹിം കുട്ടിച്ചന്റെ ഉഷാർ കട അതാണ് അന്നത്തെ നമ്മുടെ ഹൈപ്പർ മാർക്കറ്റ്
അതിന്റെ അടുത്തായി ബാഗ്‌ദാദ് ഹോട്ടൽ,
നല്ല സൂപ്പർ പൊറോട്ടയും ബീഫും കിട്ടും അവിടെ (ഹോട്ടലിന്റെ പുറകിൽ നോക്കിയാൽ പച്ചവെള്ളം കുടിക്കൂല്ല അവിടെന്ന്)
ബാഗ്ദാദ് ഹോട്ടലിനു മുന്നിലുള്ള ബോംബെ ബീഡ ഷോപ്പും അവിടത്തെ മീട്ടാ ബീഡയും മറക്കാൻ പറ്റാത്ത ഓർമകളാണ്
അടുത്തത് കൂറ ഔക്കറിച്ചന്റെ ഒരു ഷോപ് അവിടെയാണ് നല്ല ഫ്രൂട്സ് കിട്ടുന്നത്..
പിന്നെ വാരികയും മറ്റു പുസ്തകങ്ങളും കിട്ടും അവിടെ (മുന്തിരിയിൽ ഉമ്മ വെച്ചിരിക്കുന്ന ഈച്ചകളെ പുതിയൊരു ഫ്രൂട്സ് ഐറ്റം ആയി ആരെങ്കിലും തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ പറ്റൂല്ല )
അതിന്റെ മുകളിലായി നാഷണൽ ലീഗ് ഓഫീസ് ഉണ്ട് സുലൈമാൻ സേട്ടിന്റെ ഫോട്ടോയും കാണാം
അതിന്റെ താഴെ കൃഷ്ണേട്ടന്റെ ടെലിഫോൺ ബൂത്ത് ഉണ്ട് (ഉപ്പാന്റെ വല്യ ചങ്ങായി ആണ് കൃഷ്ണേട്ടൻ)
അതിന്റെയൊക്കെ മുമ്പിലായി പടന്നക്കാടിനു നെറ്റിപ്പട്ടം കെട്ടിയതു പോലെ ഓട്ടോ സ്റ്റാന്റും കൊടിമരവും കാണാം
അതിനു ശേഷമാണ് നമ്മുടെ അന്നത്തെ 5 സ്റ്റാർ ഹോട്ടൽ കൂൾലാൻഡ് ..അതിന്റെ തൊട്ടടുത്തായി കൂട്ടി വെച്ചിരിക്കുന്ന വിറക് കൊള്ളികൾ ഇന്നും കണ്ണിൽ കാണാൻ പറ്റുന്നുണ്ട്
അതിന്റെ പിറകിൽ സി എ കാദർചാന്റെ വലിയ കോട്ടേഴ്‌സ് ബിൽഡിംഗ് ആണ് ..
പിന്നെയുള്ള കെട്ടിടത്തിന്റെ തുടക്കം മാതാ ഫർണിച്ചർ
പിന്നെ സുബൈർച്ചന്റെ ഒരു ഓഫീസ് ഉണ്ട് അവിടെ
തൊട്ടടുത്ത് ഒരു ചെറിയൊരു തട്ടുകട ..അവിടെ നല്ല മോര് വെള്ളം കിട്ടും ..
പിന്നെ ഒരു ബാർബർ ഷോപ്, സൈന സി ഡി ഷോപ് ..(പ്രമോദ് ഏട്ടന്റെ) പിന്നെ ഐശ്വര്യ ബേക്കറിയും ചന്ദ്രേട്ടന്റെ ഫാൻസി കടയും
പിന്നെയാണ് കൃഷ്ണേട്ടന്റെയും സുധാകരേട്ടന്റെയും തയ്യൽഷോപ്
പിന്നെ എന്റെ കൂട്ടുകാരൻ അസിസിന്റെയും (പാവം മരിച്ചു പോയി ) സഹോദരൻ ഷെരീഫിന്റെയും ക്രെസെന്റ് ഡിന്നർസെറ്റ് ..
അതിന്റെ അവസാനത്തെ ബിൽഡിങ്ങിലാണ് കുഞ്ഞാമുച്ചന്റെ കച്ചോടം
(എന്റെ ഉപ്പാന്റെ സഹോദരൻ ആണ്)
അത് കഴിഞ്ഞാൽ വിശാലമായ ഗ്രൗണ്ട് ..അവിടെ ഫുട്ബോൾ(ഐശ്വര്യ ക്ലബ്)കളിക്കാറുണ്ട്
അത് കാണാൻ വൻ ജനക്കൂട്ടം ഉണ്ടാവാറുണ്ട്
ആ ഗ്രൗണ്ടിന്റെ മുമ്പിലായി നാടോടികൾ കുടിൽ കെട്ടി കാലങ്ങളോളം താമസിക്കാറുണ്ട് ..
വൈകുന്നേരങ്ങളിൽ അവർ ആമയെയും തവളയെയും ഒക്കെ വെള്ളത്തിലിട്ടിട്ട് വേവിക്കും ..
എന്റെ പടച്ചോനെ അതിന്റെ ദുർഗന്ധം സഹിക്കാൻ പറ്റൂല്ല
(ഓർമ്മകൾ മങ്ങിയ കാഴ്ചകളെ പോലെയാണ്,
തെറ്റുള്ള ഭാഗങ്ങൾ നിങ്ങൾ തിരുത്തി തരുക)
റോഡിന്റെ എതിർവശത്തെ കാഴ്ചകൾ
രണ്ടാം ഭാഗത്തിൽ
തുടരും ….
സ്നേഹത്തോടെ സ്വന്തം സക്കു