ഉപ്പ…എന്റെ തണൽ മരം

ഞാൻ വീടിന്റെ മുമ്പിലുള്ള റോഡിലേക്ക് ഇറങ്ങി നടന്നു ..നേരം പുലർന്നു തുടങ്ങുന്നതേയുള്ളൂ കുറെ ദൂരം ഒറ്റക്ക് നടന്നു ..വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ..ആരുമില്ല ..
മുന്നിലും പിന്നിലും ആരോരുമില്ലാതെ ഞാൻ തനിച്ചായത് പോലെ ..

ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ദിവസം ..
ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെ നേരം പുലർന്നിട്ടില്ല എനിക്ക് വേണ്ടി .. രാത്രി ഉറങ്ങിയിട്ടില്ല ..
പുലരാറായപ്പോൾ എപ്പോളോ മയങ്ങിപോയതാവാം ..
ഓർമ്മയില്ല ഒന്നും ..പെട്ടെന്ന് ആ സത്യം എന്റെ തലയിലേക്ക് എത്തിയപ്പോൾ വീണ്ടും ഒരു മരവിപ്പ് നെഞ്ച് പൊട്ടുന്ന വേദന ..
കണ്ണുകൾക്ക് ഇനി കരയാൻ വയ്യ .. തൊണ്ട ഇടറി വീണ്ടും ..വീണ്ടും

പ്രാണന്റെ പ്രാണനായ ഉപ്പ ഇന്നലെ എന്നെ തനിച്ചാക്കി പോയി . എന്നെ വേദനിപ്പിക്കണ്ടെന്നു കരുതിയിട്ടാവും ഒരു യാത്ര പോലും പറയാതെ ഉപ്പ തനിച്ചു അങ്ങ് പോയത് ..
പ്ലസ് ടുവിന്റെ വാർഷിക പരീക്ഷയാണ് .. ഉച്ചയ്ക്ക് 2മണിക്ക് ആണ് പരീക്ഷ തുടങ്ങാറുള്ളതെങ്കിലും ഞാനും കൂട്ടുകാരൻ സജിയും രാവിലെ 9 മണിക്ക് തന്നെ പരീക്ഷ കേന്ദ്രത്തിലേക്ക് പോകും (അവിടെ പോയി ഒരു അവസാന അവലോകനം ആണ് പതിവ് ) പതിവ് പോലെ ഞാൻ സൈക്കിൾ എടുത്തു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉപ്പ ഉമ്മറത്ത് ഇരിപ്പുണ്ട് ഉപ്പയോട് ഞാൻ പറഞ്ഞു ‘ഞാൻ പോകുന്നു വൈകുന്നേരം കാണാം ..എന്നോട് വാങ്ങിയ 100 രൂപ എപ്പോൾ തരും’ ഉപ്പയുടെ മറുപടി ‘എനിക്ക് നല്ല പനിയുണ്ട്‌ ..നീ ടൗണിൽ നിന്നും ഒരു ഓട്ടോ പറഞ്ഞു വിട് എനിക്ക് ഹോസ്പിറ്റലിൽ പോണം’
‘ ആ വിടാം ..എന്റെ പൈസ?.. ഞാൻ ഉപ്പയുടെ മറുപടിക്ക് കാത്തു നിന്നു .
‘തരാം ..നാളെ’..തലയാട്ടിക്കൊണ്ട് ഞാൻ അവിടെ നിന്നും നീങ്ങി ..

ബസിൽ നിൽക്കുമ്പോളാണ് ഉപ്പ ഓട്ടോ വിടാൻ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നത് ..

ഞാൻ സജിയോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു ..
‘ഉപ്പ വേറെ ഓട്ടോ വിളിച്ചു പൊയ്ക്കോളും ഷക്കി’
അവിടെന്ന് അങ്ങോട്ട് മനസില് ഒരു അങ്കലാപ്പ് …
ഒരു സമാധാനക്കേട്..

പരീക്ഷ ഹാളിലെ തിരക്കിലേക്ക് ഞാൻ മെല്ലെ നടന്നു നീങ്ങി ..

അവസാന ബെൽ മുഴങ്ങി ..
എങ്ങും നിശബ്ദത..

പരീക്ഷ തുടങ്ങി ..ഏകദേശം 45 മിനിറ്റ് കഴിഞ്ഞപ്പോൾ പരീക്ഷ ഹാളിൽ അവിടത്തെ ഹെഡ് മാസ്റ്റർ വന്നു .. അദ്ദേഹം എന്റെ പേര് വിളിച്ചു അന്വേഷിച്ചു..
പൊടുന്നെനെ ഒരു നെടുവീർപ്പ് ..
ഞാൻ പകച്ചു ..
അമ്പരപ്പോടെ ഞാൻ എഴുന്നേറ്റു നിന്നു
എന്നോട് പെട്ടെന്ന് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടു ..
എല്ലാവരും എന്നെ നോക്കുന്നു ..
എന്താ കാര്യമെന്നറിയാതെ ഞാൻ അമ്പരപ്പോടെ നിൽകുമ്പോൾ പരീക്ഷ ഹാളിലെ ടീച്ചർ എന്റെ അടുത്ത് പെട്ടെന്ന് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടു .. പിന്നെയും 2,3 വട്ടം ഹെഡ്മാസ്റ്റർ റൂമിൽ വന്നു. എനിക്കെന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസിലൊരു ഉൾവിളി ..
ശ്വാസത്തിന്റെ വേഗത കൂടി ..
വിയർക്കാൻ തുടങ്ങിയ എന്നോട് ടീച്ചർ ‘മതി’ എന്ന രീതിയിൽ തലയാട്ടി ..
ടീച്ചർ എന്നെപുറത്തേക്ക് കൊണ്ട് പോയി വിറയലോടെ ഞാൻ വരാന്തയിലൂടെ നടക്കുമ്പോൾ ക്ലാസ്സ് മുറിയിലെ ജനാലയുടെ ഇടനാഴിയിലൂടെ എന്നെ നോക്കുകയാണ് കുട്ടികൾ എല്ലാം ..
പെട്ടെന്ന് ആണ് ഞാൻ എന്റെ ബന്ധുക്കളെ …കൂട്ടുകാരെ ദൂരെ കണ്ടത് .. വിറയാർന്ന സ്വരത്തിൽ ഞാൻ അവനോട് ചോദിച്ചു ..
‘എന്താ ..എന്താ പ്രശ്നം ?’
അവന്റെ മറുപടി
‘പോയി ..ഉപ്പ പോയി’

ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യം സംഭവിച്ചിരിക്കുന്നു വിധിയെ തടുക്കാൻ പറ്റില്ലല്ലോ ..

പുരയിലേക്ക് ഞാൻ കയറുമ്പോൾ കൂട്ടക്കരച്ചിൽ ..
പെങ്ങന്മാരുടെ ..കുട്ടികളുടെ
ഉപ്പയുടെ അനിയന്മാരുടെ ..ബന്ധുക്കളുടെ ഉപ്പയെ ഒരുപ്പാട് സ്നേഹിക്കുന്ന നാട്ടുകാരുടെ ..
ഉമ്മയെ ഞാൻ കാണുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ ..
പ്രാണന്റെ പാതിയായ പ്രീയതമന്റെ വേർപാട് താങ്ങാൻ ആവാതെ എന്റെ ഉമ്മ .. ഉപ്പ ഒരുപാട് ആളുകൾക്ക് പ്രീയപ്പെട്ടവർ ആയിരുന്നു ..

എല്ലാം കഴിഞ്ഞു ..

തിരിച്ചു വരാത്ത ഒരു യാത്രയിലേക്ക് ഉപ്പ പോയി

എന്റെ തണൽ മരം ..
എന്റെ സൂര്യൻ അണഞ്ഞു..

രണ്ടു ദിവസം കഴിഞ്ഞാണ് എന്റെ അടുത്ത പരീക്ഷ ..
ബന്ധുക്കളെല്ലാം തീരുമാനമെടുത്തു .. ഉപ്പയുടെ ആഗ്രഹമാണ് നീ പ്ലസ് ടു ജയിച്ചു കാണണമെന്ന് പരീക്ഷ മുടക്കരുത് . ഞാൻ പരീക്ഷയ്ക്ക് പോയി സത്യത്തിൽ കൂടുതൽ മാർക്ക് കിട്ടിയ വിഷയം അതായിരുന്നു
ഉപ്പയുടെ അനുഗ്രഹം ..

ഞാൻ പരീക്ഷ ജയിച്ചു .. അത് കാണാൻ ഉപ്പ ഇല്ലാതെ പോയ വേദന എന്റെ ഉള്ളിൽ ഇന്നുമുണ്ട്

കാലം ഒരുപാട് മുന്നേറി
പക്ഷെ ഒരിറ്റ് കണ്ണീരോടെ അല്ലാതെ എനിക്ക് എന്റെ ഉപ്പയെ ഓർക്കാൻ പറ്റാറില്ല .. ഉപ്പ എന്ന വാക്ക്‌ പോലും എന്റെ കണ്ണ് നനയിക്കും ..

എന്റെ കല്യാണ ദിവസം ഞാൻ എന്റെ ഉപ്പയെ ഒരുപാട് തിരിച്ചറിഞ്ഞു .. എന്റെ മക്കൾക്ക് എന്റെ ഉപ്പയുടെ സ്നേഹം,സാമീപ്യം കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി

ജീവിതത്തിൽ പലരും പറയുന്നത്‌ കേട്ടിട്ടുണ്ട് ‘എന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന്’ അത് പോലെ പല സ്ഥലത്തും ഞാൻ ഓർത്തു പോയിട്ടുണ്ട് ‘എന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ’ എന്ന്

പെൺ മക്കളുടെ മനസ്സ് മനസിലാക്കാൻ ഉമ്മാക്ക് പറ്റുന്നത് പോലെ എന്റെ മനസ്സ് കാണാൻ എന്റെ ഉപ്പാക്ക് പറ്റുമായിരുന്നു …

ജീവിതത്തിന്റെ കയ്പുനീര് മാത്രം കുടിക്കാൻ വിധിക്കപ്പെട്ട എന്റെ പാവം ഉപ്പ എന്നും കഷ്ടപ്പാടിന്റെയും പ്രാരാബ്ധത്തിന്റെയും നടുവരമ്പിലൂടെ ഒറ്റക്ക് നടന്നായിരുന്നു ശീലം ..
ഒരിക്കലും സങ്കടത്തോടെ ഇരിക്കുന്ന ഉപ്പയെ ഞാൻ കണ്ടിട്ടില്ല എന്നും തല ഉയർത്തി നടക്കുന്ന എന്റെ ഉപ്പ തന്നെയാണ് എന്നും എന്റെ ഹീറോ. മക്കളെ ഓർത്തു അഭിമാനിക്കുന്ന ഉപ്പമാരെ നമ്മൾ കാണാറുണ്ട് ..
ഞാൻ എന്റെ ഉപ്പയെ ഓർത്തു അഭിമാനിക്കുന്ന മകൻ ആണ് ..

വൽകഷ്ണം: മാസങ്ങൾക്ക് മുമ്പ് എഴുതാൻ തുടങ്ങിയ ഈ ഓർമ്മക്കുറിപ്പ് പൂർത്തിയാക്കാൻ ഞാൻ മാനസികമായി ഒരുപാട് ബുദ്ദിമുട്ടും പ്രയാസവും സഹിക്കേണ്ടി വന്നിട്ടുണ്ട് ..എന്റെ ഉപ്പയുടെ ഓർമ്മകൾ പല സ്ഥലത്തും എന്റെ എഴുത്തിനെ ദിവസങ്ങളോളം മുടക്കിനിർത്തിയിട്ടുണ്ട്

One thought on “ഉപ്പ…എന്റെ തണൽ മരം

Leave a Reply

Your email address will not be published. Required fields are marked *