ജൂണിലെ മഴയുടെ പ്രണയം
By Sakeer Kottikulam • May 4, 2020
സ്‌കൂളിനെ പ്രണയിച്ച മഴയും കൂട്ടക്കരച്ചിലും
ജൂൺ മാസം മഴയുടെ തുടക്കകാലം ആണ് .
മലയാളികൾക്ക് ജൂൺ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു തണുപ്പ് അനുഭവപ്പെടാറുണ്ട് ..കാറ്റും മഴയും നനഞ്ഞ ഇടനാഴിയിലൂടെ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കുരുന്നു കാലുകൾ പിച്ച വെക്കുമ്പോൾ നാമറിയാതെ എല്ലാം ഒരു ചരിത്രത്തിന്റെ പിന്തുടർച്ചയാവുന്നു…
ഇന്ന് എന്റെ മോൾ Fathimath Zahra അറിവിന്റെ പുതിയ അദ്ധ്യായം തേടി സ്‌കൂളിലേക്ക്..പതിവ് പോലെ മഴയും കൂട്ടക്കരച്ചിലും തന്നെ ഇന്നത്തെ പ്രധാന സംഭവവികാസം ..
ഓർമയിലെ എന്റെ സ്‌കൂൾ കാലഘട്ടത്തിലേക്ക് ഒരു റിവേഴ്‌സ് റൺ ..
സ്‌കൂളിന്റെ പടി കയറിയത് എന്നാണെന്നു വെറുതെ ഓർക്കാൻ ഒരു ശ്രമം നടത്തി ..
അന്നത്തെ മെലിഞ്ഞുണങ്ങിയ ഒന്നാം ക്ലസ്സുകാരന്റെ ഓർമകൾക്ക് 30 വർഷം പഴക്കം ഉണ്ട് ..
എങ്കിലും പൊടിപിടിക്കാതെ .
ചിതലരിക്കാതെ ..
മങ്ങിപ്പോവാതെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു എല്ലാം കൺമുമ്പിൽ ..
ഇന്നലെ കഴിഞ്ഞത് പോലെ ..
കോരിച്ചൊരിയുന്ന മഴ ..മെലിഞ്ഞുണങ്ങിയ ഞാൻ കാറ്റിൽ പറന്നു പോവാതിരിക്കാൻ എന്നെ നെഞ്ചോടു ചേർത്തിട്ടുണ്ട് എന്റെ ഉപ്പ ..ഉപ്പയുടെ നെഞ്ചിലെ ചൂടും മഴയുടെ കുളിർക്കാറ്റും ..ഒരു വല്ലാത്ത സുഖമുള്ള ഓർമ്മകൾ ..ഒട്ടും ബലമില്ലാത്ത ഇല്ലി പൊട്ടിയ ഒരു കാലൻകുടയിൽ നിന്നും പതിക്കുന്ന മഴത്തുള്ളികൾ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ പാതിയും നനച്ചിരുന്നു ..
മഴ നനഞ്ഞു കൊണ്ട് ഉപ്പയോടൊപ്പം ഞാൻ സ്‌കൂൾ മുറ്റത്തെത്തി ..
എന്റെ പ്രായമുള്ള കുറെ കുട്ടികൾ ..
ചിലർ എന്നെ നോക്കി പുഞ്ചിരിച്ചു ..
ചിലർ എന്നെ നോക്കി കരയുന്നുണ്ടായിരുന്നു ..
ഉപ്പ കൂടെ ഉണ്ടായതിന്റെ ബലത്തിൽ ഞാൻ കരയാതെ പിടിച്ചു നിന്നു ..
കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന റൂമിൽ കൂട്ടക്കരച്ചിൽ ..
മക്കളെ സമാധാനിപ്പിക്കുന്ന മാതാപിതാക്കൾ .. പുറത്തു പെയ്യുന്ന മഴയുടെ കനത്ത ശബ്ദം ..
അതിനിടയിൽ അത്രയ്ക്കൊന്നും വിദ്യാഭ്യാസമില്ലാത്ത, സരസനായിരുന്നു എന്റെ ഒരു ഉപ്പയുടെ ചില നുറുങ്ങു തമാശകൾ ചില കുട്ടികളുടെയെങ്കിലും ചുണ്ടിൽ പുഞ്ചിരി വിടർത്തി ”എന്റെ ഉപ്പ ഭയങ്കര സംഭവം ആണെന്ന ഭാവത്തിൽ ഞാനും നിന്നു ”
പക്ഷെ സ്‌കൂളിൽ എന്നെ തനിച്ചാക്കി എന്റെ ഉപ്പ നടന്നകന്നപ്പോൾ ആദ്യം പൊട്ടിക്കരഞ്ഞത് ഞാൻ തന്നെയാണ് ..
അത് വരെ കരയാതെ പിടിച്ചു നിന്ന ഞാൻ സർവശക്തിയും ഉപയോഗിച്ച് കരഞ്ഞു കരച്ചിൽ എല്ലാ ദിവസവും തുടർന്നു..
സ്ക്കൂൾ വിടുന്ന സമയം വരെ ഉപ്പ കാവൽ നിൽക്കുന്നതും ഒരു തുടർക്കഥയായി…
സ്ക്കൂൾ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പരിക്ക് പറ്റിയ ഒരു വിരുതൻ ആണ് ഞാൻ,
ഓരോ ദിവസവും വ്യത്യസ്തമായ മുറിവുകൾ ശരീരത്തിൽ ഉണ്ടാക്കുക എന്നത് എന്റെ ഒരു ഹോബി ആയി മാറി
നടക്കാൻ എനിക്ക് അറിയില്ല എന്നാണ് എന്റെ ഉമ്മ പറയാറുള്ളത് ..എന്തിനും ഏതിനും ഞാൻ ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കും
30 വർഷങ്ങൾക്കിപ്പുറം ഞാൻ പോയ വഴിയിൽ കൂടിതന്നെയാണ് എന്റെ മോളും കടന്നു പോകുന്നത്
ആദ്യം എന്തെന്നില്ലാത്ത ആവേശം ..
പതിയെ സങ്കടം ..കരച്ചിൽ ..
പക്ഷെ അന്ന് എന്റെ കൂടെ എന്റെ ഉപ്പ ഉണ്ടായിരുന്നു
പക്ഷെ ഇന്ന് എന്റെ മോളുടെ ഉപ്പ ആയ ഞാൻ എല്ലാം ഈ ദുബായിൽ ഇരുന്നു കാണുന്നു
ഓർക്കുന്നു ..മനസിലാക്കുന്നു ..
സ്നേഹത്തോടെ സ്വന്തം സക്കു