ഒരു ക്രിക്കറ്റ് ഭ്രാന്തന്‍
ഭാഗം 1
ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും..
” പ്രായം കുറെ ആയില്ലേ.. ഇനിയെങ്കിലും നിനക്ക് ഈ കളിയൊക്കെ ഒന്ന് നിർത്തികൂടെ”
ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട് തുരുമ്പിച്ച ഡയലോഗ്
8 വയസ്സ് തൊട്ട് തുടങ്ങിയ പ്രയാണം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നു…
ജീവിതവും കളിയും എനിക്ക് വേറെ അല്ല.. രണ്ടും വേര്‍ തിരിക്കാന്‍ പറ്റാത്ത വിധം ഇണ ചേര്‍ന്ന് കിടക്കുന്നു.
സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ ഈ ക്രിക്കറ്റ് ജ്വരം എന്നില്‍ ഏറെ സ്വാധീനം ഉണ്ടാക്കുന്നത് 1996 ഏഷ്യയില്‍ വെച്ച് നടന്ന വേള്‍ഡ് കപ്പ് മുതലാണ്..
ഇംഗ്ലണ്ടും ന്യൂസിലാന്റ് ഉത്ഘാടന മത്സരത്തില്‍ നഥന്‍ ആസ്ലെയുടെ സെഞ്ചുറി കണ്ട ആ വര്‍ഷം നടന്ന ഓരോ മത്സരവും ഇന്നും എനിക്ക് കാണാ പാഠമാണ്..
സ്കൂൾ പഠനതിനു രണ്ടാം സ്ഥാനം മാത്രം നല്‍കിയ എന്റെ ക്രിക്കറ്റ് കുട്ടിക്കാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വിളിയും സ്വപ്നം കണ്ടു ആയിരുന്നു
സ്കൂൾ കട്ട് ചെയത് കൊണ്ട് വഴിയോരത്തെ ഷോപ്പിലെ ടിവി യില്‍ വെച്ച് കണ്ട എത്രയെത്ര മത്സരങ്ങള്‍.. പാതിരാത്രി ഉറക്കം ഒഴിച്ച് ടെല്‍ എയർ കേബിൾ ഷോപ്പിലെ റൂമിൽ വെച്ച് ഇന്ത്യയുടെ അന്നത്തെ വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ (നവജ്യോത് സിങ് സിദു ഡബിള്‍ സെഞ്ചുറി നേടിയ പര്യടനം) രാത്രി കളി മൊത്തം കണ്ടിട്ടും അവിടെ തന്നെ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റിരുന്നു വീണ്ടും അതേ മാച്ച് ഹൈലൈറ്റ്സ് കാണുമ്പോൾ അവിടത്തെ ഓപ്പറേറ്റര്‍ ചേട്ടന്റെ ഒരു മുഖ ഭാവം ഉണ്ട്..
“തനിക്ക് ഒക്കെ മൂത്ത ഭ്രാന്ത് ആണ് അല്ലേടാ”
1996 ലെ ഇന്ത്യ പാകിസ്താന്‍ വേള്‍ഡ് കപ്പ് കോര്‍ട്ടർ ഫൈനല്‍ മത്സരത്തിന് ശേഷം ഞാന്‍ ഒരു ഫുൾ ടൈം ക്രിക്കറ്റ് പണ്ഡിതന്‍ (ഭ്രാന്തന്‍) ആയി മാറി..
മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന ഇന്ത്യൻ ക്യാപ്റ്റനെ ഏറെ ഇഷ്ടപ്പെട്ട ദിനരാത്രികൾ.. അദ്ദേഹത്തെ പോലെ കോളർ നിവര്‍ത്തി വെക്കുക, നാവ് പുറത്തിട്ട് കൊണ്ട് ചുണ്ടില്‍ തലോടുക, കഴുത്തിൽ ബെല്‍റ്റ് പീസ് മടക്കി തുന്നി ചേര്‍ത്ത് കൊണ്ട് മാലയുണ്ടാക്കുക..
ജവഗൽ ശ്രീനാഥ്നോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ ബൌളിംഗ് ആക്ഷൻ അനുകരിക്കാൻ തുടങ്ങി അലൻ ഡോണാൽഡിന്റെ മുഖത്തെ വെളുത്ത ക്രീം നിവിയ യുടെ ക്രീം ആണെന്ന് തെറ്റിദ്ധരിച് മുഖത്തു വാരി വിതറിയ കുട്ടിക്കാലം.. അങ്ങനെ അനുകരണങ്ങള്‍ പല വിധം ആയിരുന്നു.. പല മത്സരംങ്ങളും ലൈവ് ആയി കണ്ടു… അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യ ആദ്യമായി 300 റണ്‍സ് സ്കോര്‍ ചെയ്ത മത്സരം ആയിരുന്നു.. അവസാന ഓവറില്‍ അസ്ഹറുദ്ദീന്‍ നേടിയത് 24 റണ്‍സ് ആയിരുന്നു..
അങ്ങനെ ക്രിക്കറ്റ് കളി കണ്ട് വളർന്നു ഞാനും ഒരു ക്രിക്കറ്റ് കളിക്കാരൻ ആയി മാറി
ക്രിക്കറ്റ് ആയിരുന്നു എനിക്ക് അന്ന് എല്ലാം (ഇന്നും അങ്ങനെ തന്നെ) സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടി വന്ന് പുസ്തകങ്ങൾ വാരി എറിഞ്ഞു കൊണ്ട് ഗ്രൗണ്ടിലേക്ക് എന്റെ ഒരു ഓട്ടം ഉണ്ട് (ഉസൈന്‍ ബോള്‍ട് തോറ്റു പോകും) ബാറ്റ്, വിക്കറ്റ്, ബോള്‍ എല്ലാം ഗ്രൗണ്ടില്‍ എത്തിച്ചു കൊണ്ട് പിന്നെ ഒരു കാത്തിരിപ്പ് ആണ് കൂട്ടുകാർ വരുന്നത് വരെ..മണിക്കൂറുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് അവർ എത്തുമ്പോഴേക്കും ഞാന്‍ ഒറ്റയ്ക്ക് ബാറ്റും ബോളും ചെയത് ക്ഷീണിച്ചിട്ടുണ്ടാവും.. പിന്നെ ഒരു യുദ്ധം ആണ് ഇരുട്ട് വീഴുന്നത് വരെ… മഗ്രിബ് നിസ്കാരത്തിനുളള ബാങ്ക് കൊടുക്കുന്നത് വരെ പൊരിഞ്ഞ പോരാട്ടമാണ്… നാളെ സ്കൂളില്‍ എത്തിയാലും ഇന്നലെ വൈകുന്നേരം നടന്ന കളിയുടെ വിവരണം തീരില്ല… അതിനിടയില്‍ വരുന്ന ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം ഇമ ചിമ്മാതെ കാണും.. എത്ര ദിവസങ്ങൾ പിന്നിട്ടാലും ഓരോ ഓവറുo പകല്‍ പോലെ തെളിഞ്ഞു നില്‍ക്കും എന്റെ മനസില്‍.. അത്ര മാത്രം സൂക്ഷ്മതയോട് കൂടിയാണ് ഞാന്‍ ഓരോ മത്സരവും ടിവി യില്‍ കാണുന്നത് (അങ്ങനെയുള്ള എന്നോട് ആണ് എന്റെ ഭാര്യ കളി നിർത്താൻ പറയുന്നത്… ആഹാ.. നടന്നത് തന്നെ)
ക്രിക്കറ്റ് കളിയുടെ ഭ്രാന്ത് മൂത്ത് പഠിത്തം ഒരുപാട് പിറകോട്ട് പോയി…
പക്ഷെ പത്താം ക്ലാസ്സ് ആരുടെയോ കൃപ കടാക്ഷം കൊണ്ട് കടന്നു കൂടി…
ജീവിതം മുന്നോട്ട്..
ഒപ്പം ക്രിക്കറ്റും
(തുടരുന്നു…)
Sakeer Yorcker Padanakad
Same here bro….we lived in the same era of cricketing maniacs😂