മരണവെപ്രാളം

ഇരുപത് വർഷം മുമ്പുള്ള ഒരു വേനലവധിക്കാലം, നമ്മൾ കുട്ടികൾ എല്ലാവരും വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് എന്റെ കണ്ണുകൾ ആ കാഴ്ച കാണുന്നത്. തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു യുവാവിന്റെ ആക്രോശം. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി, പെട്ടെന്ന് എനിക്കൊന്നും മനസിലായില്ല.. അയാളുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ട് ഉണ്ട്.. അയാൾ അവിടെ നിന്നും നമുക്ക് നേരെ ഓടി വന്നു. ഒരു നിമിഷം ഞാനും കൂട്ടുകാരും പകച്ചു നിന്നു. അതിനിടയിൽ വീട്ടുടമസ്ഥയുടെ ഉച്ചത്തിൽ ഉള്ള വിളി ‘മക്കളെ അവനു ഭ്രാന്താണ് മാറി നിന്നോളൂ’ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ പെട്ടെന്ന് ചിതറി മാറി

അയാൾ നേരെ എന്റെ വീട്ടിലേക്ക് ഓടിച്ചെന്നു.. പിറകിൽ ഞാനും കൂട്ടുകാരും. എന്റെ സഹോദരിയോട്‌ വെള്ളം ചോദിച്ചു (സഹോദരിയുടെ ഭർത്താവിന്റെ നാട്ടുകാരനാണ് മാനസിക വിഭ്രാന്തിയുള്ള ഇയാൾ, എന്റെ അയൽവാസിയായ ബന്ധു വീട്ടിൽ വന്നതാണ് ) ഏട്ടത്തി വെള്ളം എടുക്കാനായി അകത്തേക്ക് പോകുമ്പോളേക്കും അയാൾ കിണറിന്റെ അടുത്തേക്കോടി.. അയാൾ വെള്ളം കിണറിൽ നിന്നും കോരിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിഫലമായി.. അയാൾ കിണറിലേക്ക് ഇറങ്ങാൻ തുനിഞ്ഞപ്പോൾ എന്റെ ഉമ്മ ആർത്തു വിളിച്ചു.. അയാൾ ആ ശ്രമവും ഉപേക്ഷിച്ചു മുന്നിലുള്ള നടവരയിലൂടെ മുന്നോട്ട് ഓടി.. പിറകിൽ ഞാനും കൂട്ടുകാരും

അയാൾ ഓടിക്കൊണ്ടിരിക്കുകയാണ്. പിറകിൽ ഞങ്ങളും.. വീണ്ടും അയാൾ എത്തിയത് മറ്റൊരു വീടിന്റെ കിണറിന്റെ ചോട്ടിൽ തന്നെയായിരുന്നു.. അവിടെ നിന്നും അയാൾ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരിയെടുത്തു ആർത്തിയോടെ കുറെ വെള്ളം കുടിച്ചു (പാവം, ഒരുപാട് ദാഹിചിരുന്നെന്ന് തോന്നുന്നു ) തൊട്ടടുത്ത നിമിഷം അയാൾ കിണറിലേക്ക് എടുത്തുചാടി

അമ്പരപ്പ് ..അന്ധാളിപ്പ്‌ .. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം

ആദ്യം കിണറിന്റെ അടുത്ത് ഓടിയെത്തിയത് ഞാൻ ആയിരുന്നു..ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ട കാഴ്ച കിണറിലെ വെള്ളത്തിൽ നിന്നും കുമിളകൾ പൊങ്ങി വരുന്നു.. ഒരു നിമിഷത്തെ ശാന്തതയ്ക്ക് ശേഷം ഒരു അലർച്ചയോടെ അയാൾ മുകളിലോട്ട് പൊങ്ങി.. രണ്ടു കയ്യും രക്ഷിക്കണേ എന്ന് വിളിച്ചു പറയും പോലെ വെള്ളത്തിനു മുകളിലേക്ക് ഉയർത്തിയിരുന്നു.. പതിമൂന്ന് വയസ്സുകാരനായ എനിക്ക് നിസ്സഹായതയോടെ അത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പൊടുന്നെന്നെ അയാളുടെ കൈകൾ വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങി.. തെളിഞ്ഞ വെള്ളത്തിൽ കൈ കാലുകൾ പ്രാണവേദന കൊണ്ട് പിടക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു, നീന്തൽ പോലും വശമില്ലാത്ത എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.. പെട്ടെന്ന് കൂട്ടുകാർ എല്ലാവരും ഓടിയെത്തി.. വളരെ പെട്ടെന്ന് അവിടം ജനനിബിഡമായി. പക്ഷെ എല്ലാം കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരും മാത്രം, ആർക്കും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല..സ്ത്രീകൾ എല്ലാം കൂട്ടക്കരച്ചിലും ‘ആരെങ്കിലും ഒന്നിറങ്ങി രക്ഷിക്കണേ’ എന്നുള്ള നിലവിളിയും.. ഞങ്ങൾ കുട്ടികൾ പകച്ചു നിൽക്കുകയാണ്..

സമയം ഒരുപാട് കടന്നു പോയി..
അതിനിടയിൽ ആരൊക്കെയോ ടൗണിലേക്ക് ഓടി കുറെ ചേട്ടന്മാരെ കൂട്ടിക്കൊണ്ട് വന്നു.. കൂട്ടത്തിൽ രണ്ടു ആൾക്കാർ കിണറിലേക്ക് എടുത്തു ചാടി.. മിനിട്ടുകൾക്കകം ആ യുവാവിനെയും കൊണ്ട് അവർ മുകളിലേക്ക് കയറി..
പലരും പല രീതിയിൽ രക്ഷപെടുത്താൻ ശ്രമിച്ചു നോക്കുകയാണ്. പക്ഷെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.. അയാളുടെ മരണം സംഭവിച്ചിരിക്കുന്നു

താഴെ കിടത്തിയിരിക്കുന്ന ആ ചലനമറ്റ ശരീരത്തിലേക്ക് എനിക്ക് നോക്കി നിൽക്കാൻ സാധിച്ചില്ല.. കൺമുമ്പിൽ വെച്ച് ഒരു ജീവൻ പൊലിയുന്നത് കണ്ട് നിൽക്കേണ്ടി വന്ന വേദനയിൽ എന്റെ മനസ്സ് വിതുമ്പി.. ഞാൻ അവിടെ നിന്നും എങ്ങോട്ടെന്നില്ലാതെ അലക്ഷ്യമായി നടന്നു നീങ്ങി ആരോഗ്യവും ശക്തിയും ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു ജീവൻ രക്ഷപെടുത്താൻ പറ്റുമായിരുന്നല്ലോ എന്ന ആലോചന കുറച്ചു ദിവസങ്ങളോളം എന്റെ മനസ്സിനെ അലട്ടിയിരുന്നു.. വർഷങ്ങൾ ഒരുപാട് കടന്നു പോയി, ഇപ്പോളും മരണവെപ്രാളം കൊണ്ടുള്ള അയാളുടെ പിടച്ചിൽ എന്റെ കണ്ണുകൾക്ക് മുമ്പിലുണ്ട്.. ഒരു ദു:സ്വപ്നം പോലെ

സ്നേഹത്തോടെ സ്വന്തം സക്കു

Leave a Reply

Your email address will not be published. Required fields are marked *