ഓർമയിലെ നോമ്പ് കാലവും പെരുന്നാൾ രാവും (ഭാഗം 2)

ഇരുപത്തിയേഴാം രാവ് എന്നാൽ ഉറക്കമില്ലാത്ത രാത്രിയാണ്..പ്രാർത്ഥനനിബിഢമായ രാത്രിയാണ്
നേരം പുലരുന്നത് വരെ പ്രാർത്ഥനയും നിസ്കാരങ്ങളും പാപ മോചനത്തിനുള്ള കൂട്ട് പ്രാർത്ഥനയും എല്ലാം കൊണ്ടും ആത്മീയതയുടെ നിർവൃതിയിൽ അലിഞ്ഞു പോകുന്ന ഒരു ദിനം..
എന്റെ അമുസ്ലിം സഹോദരങ്ങൾ പോലും ഇരുപത്തിയേഴാം നോമ്പ് നോൽക്കാറുണ്ട്
അന്നത്തെ നോമ്പ് തുറക്കാൻ അവർക്കുള്ള ബീഫും പത്തിരിയും എന്റെ പുരയിൽ നിന്നാണ് ..

ഇരുപത്തിയേഴാം നോമ്പ് കഴിഞ്ഞാൽ പിന്നെ പെരുന്നാൾ രാവിനെയും കാത്തുള്ള ഒരു നിൽപ്പാണ് കാഞ്ഞങ്ങാട് ടൗണിൽ കാലു കുത്താൻ പോലും പറ്റാത്ത അത്ര തിരക്കും ബഹളവും ഇരുപത്തിയൊമ്പതാം നോമ്പ് കഴിഞ്ഞ രാത്രി പള്ളിയിൽ നിന്നും ഉയരുന്ന തക്ബീർ നാദങ്ങൾക്ക് ചെവിയോർത്തിരിക്കുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റൂല്ല

നാളെ പെരുന്നാൾ ആണെന്നറിഞ്ഞാൽ രാത്രി ഉമ്മ ഉണ്ടാക്കുന്ന മധുര പലഹാരങ്ങൾ അയൽവീടുകളിൽ കൊണ്ട് കൊടുക്കാൻ കാണിക്കുന്ന ആവേശം ഇന്നും ഒട്ടും ചോർന്നിട്ടില്ല..

പെരുന്നാൾ ദിവസം ഒരുപാട് സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പാൻ എനിക്കും എന്റെ വീട്ടുകാർക്കും ഒത്തിരി സന്തോഷമാണ് ..
എന്റെ കൂട്ടുകാർ അത് കഴിക്കുമ്പോൾ നിറയുന്നത് എന്റെ മനസ്സ് തന്നെയാണ് ..
ഇന്നും എന്റെ വീട്ടിൽ അത്തരം സൽക്കാരം ഉണ്ടെങ്കിലും പ്രവാസിയായ ഞാൻ ഇന്ന് അതൊക്കെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് ..

നോമ്പ് കാലത്തു ടൗണിലെ പാരിസ് കൂൾബാർന്റെ മുമ്പിലൂടെ നടക്കുമ്പോൾ മനസ്സിൽ കൊതിയോടെ ഉറപ്പിച്ചു വെക്കാറുണ്ട് പെരുന്നാൾ ദിനം കുറെ ഗഡ്ബുഡ് ഐസ്ക്രീം കഴിക്കണമെന്ന്

പെരുന്നാൾ ദിവസം രാവിലെ കുളിച്ചു ഫ്രഷായി പള്ളിയിൽ പോകുന്നതിനു മുമ്പ് ഉമ്മാന്റെ കൈ കൊണ്ടുണ്ടാക്കിയ ചൂട് നെയ്പത്തിരിയും ബീഫും കഴിക്കുന്ന ഒരു സുഖം ലോകത്തു മറ്റൊരു ഫുഡിനും കിട്ടില്ല..പെരുന്നാൾ നിസ്കാരവും കഴിഞ്ഞു കുടുംബ വീടുകളിൽ സന്ദർശനം കഴിഞ്ഞു പുരയിൽ എത്തുമ്പോളേക്കും നല്ല ആവി പറക്കുന്ന ബിരിയാണിയും ബീഫ് വരട്ടിയതും ഒക്കെ റെഡിയായിട്ടുണ്ടാവും ..കുടുംബക്കാർ ഒരുമിച്ചിരുന്നു പെരുന്നാൾ ദിവസം ബിരിയാണി കഴിച്ചാൽ മാത്രമേ പെരുന്നാൾ ഒരു റാഹത് ആവുകയുള്ളു ..ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ഓരോ വഴിയിലേക്ക് യാത്രയാവുമ്പോൾ ഉമ്മ മാത്രം പുരയിൽ തനിച്ചാണ് ഉപ്പാന്റെ ഓർമകളുമായി..

ബേക്കൽ കോട്ടയിൽ ഒരു കറക്കം ..
സേമിയ ഐസ് വാങ്ങി മതിവരുവോളം കഴിക്കും സോഡാ സർബത്തും ജ്യൂസും വാങ്ങി തിമിർക്കും..റെയ്ഡിലെ ഉല്ലാസം ..ഇതൊക്കെ തന്നെയാണ് പെരുന്നാൾ ദിവസത്തെ ആഘോഷം .. പെരുന്നാൾ ദിവസം രാത്രി ആവുമ്പോളായിരിക്കും പുരയിലേക്ക് തിരിച്ചെത്തുക..

പെരുന്നാൾ ടൂർ പോകാനുള്ള ചർച്ചകൾ തുടങ്ങാനും പ്ലാൻ ചെയ്യാനും ഒക്കെ എനിക്കാണ് വലിയ ആവേശം പക്ഷെ പലപ്പോഴും ടൂറിനുള്ള പൈസ തികയാത്തതു കൊണ്ട് കൂട്ടുകാരോട് പുരയിൽ നിന്നും ടൂറിനു ഉമ്മ സമ്മതിക്കുന്നില്ലെന്നു കള്ളം പറഞ്ഞു മുങ്ങാറാണ് പതിവ്

പെരുന്നാൾ ഓർമ്മകൾ എന്നും ഉപ്പാന്റെ ഓർമ്മകൾ പങ്കുവെക്കലും കൂടിയുള്ളതാണ് ..

പതിനഞ്ചു വർഷം മുമ്പുള്ള ഉപ്പാന്റെ കൂടെയുള്ള അവസാന പെരുന്നാൾ ദിവസം ഞാൻ ഇന്നും ഓർക്കുന്നു ..രാവിലെ തന്നെ ഞാൻ ഉപ്പാനെ പള്ളിയിൽ വിടാൻ പോയി ..പള്ളിയിൽ നിന്നും ഉയരുന്ന തക്ബീർ മൊഴികൾക്ക് ഇടയിലൂടെ അന്ന് ഉപ്പ പള്ളിയിലേക്ക് നടന്നു പോകുമ്പോൾ ഞാൻ നോക്കി നിന്നിരുന്നു ..ഇന്നും ആ രംഗം എന്റെ കണ്ണുകൾക്ക് മുമ്പിലുണ്ട് ..വളരെ വ്യക്തതയോട് കൂടിത്തന്നെ ..പെരുന്നാൾ ദിവസം എല്ലാവരും പള്ളി കാട്ടിലെ കബറിടത്തിൽ പോയി പ്രാർത്ഥിക്കുന്നത് കാണുമ്പോൾ ഞാൻ പോലും അറിഞ്ഞില്ല..ഒരിക്കൽ എന്റെ ഉപ്പാക്ക് വേണ്ടി ഞാനും ആ കബറിടങ്ങളിലേക്ക് കയറിചെല്ലുമെന്ന് ..
എല്ലാം ഓർമ്മകൾ..വീണ്ടും ഒരു പെരുന്നാൾ കൂടി വന്നണയുമ്പോൾ എന്റെ ഉപ്പാന്റെ ഈ ഓർമ്മകൾ തന്നെയാണ് മനസ്സ് മൊത്തം

തുടരും..

സ്നേഹത്തോടെ സ്വന്തം സക്കു

Leave a Reply

Your email address will not be published. Required fields are marked *