പേടി (ഭയം)

കഥയുടെ പേര് ഇതാണെങ്കിലും ഇരുപത്തിയഞ്ചു വർഷം മുമ്പ് ജീവിതത്തിൽ നടന്ന ഒരു രസകരമായ സംഭവം ആണ് ഈ എഴുത്തിനാധാരം ..

പണ്ടൊക്കെ ഞാൻ രാത്രി ഉറങ്ങാൻ ആയി സുഹൃത്തിന്റെ (ശംസൂന്റെ) പുരയിൽ നില്ക്കാൻ പോകുന്ന ഒരു പതിവുണ്ട് കുടുംബക്കാരും,കൂട്ടുകാരുമായ ഷെരീഫ്,റഫീഖ് എന്നിവരും ഉണ്ടാവും ചില ദിവസങ്ങളിൽ കൂട്ടിന് രസകരമായ ഒരുപാട് രാത്രികൾ നമുക്ക് ആ കുട്ടിക്കാലം സമ്മാനിച്ചിട്ടുണ്ട്

സംഭവ ദിവസം പതിവ് പോലെ
ശംസൂന്റെ ഉപ്പ ഞങ്ങളോട് സാധു ബീഡി വാങ്ങാൻ ടൗണിലേക്ക് പോവാൻ ആവശ്യപ്പെട്ടു നമ്മൾ രണ്ടാളും ഒരേ സമയം ചുമരിലെ ക്ലോക്കിലേക്ക് നോക്കി ..
സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു ..
അന്നാണെങ്കിൽ കൂട്ടുകാർ ആരുമില്ല …ശംസൂന്റെ ഉപ്പ ഒരു രസികനാണ് ..ടൗണിൽ പോകുന്ന വഴിയിൽ പ്രേതം ഉണ്ടാവും എന്ന് പറഞ്ഞാൽ മൂപ്പർ ചിരിച്ചു കൊണ്ട് പറയും ‘എങ്കിൽ തിരിച്ചു വരുമ്പോൾ പ്രേതത്തിനെയും കൂട്ടിക്കോളൂ ഇങ്ങോട്ട് ..എനിക്ക് ഒന്ന് പരിചയപ്പെടാലോ എന്ന് ‘

പിന്നെ ഒന്നും നോക്കിയില്ല ..

എനിക്ക് കൂട്ട് അവനും ..അവനു കൂട്ട് ഞാനും ശക്തി സംഭരിച്ചു നമ്മൾ ആ ഇരുട്ടിലൂടെ മുന്നോട്ട് നടന്നു നീങ്ങി ..കയ്യിൽ മങ്ങിയ വെളിച്ചം മാത്രമുള്ള ഒരു കുഞ്ഞു ടോർച്

ഇന്നത്തെ കാലം പോലെയല്ല അന്ന് ..
തികച്ചും വ്യത്യസ്തമാണ്..
ടൗണിലേക്ക് പോകുന്ന വഴിയിൽ തെരുവ് വിളക്കില്ല ..എങ്ങും കൂരിരുട്ട് ആണ് …ചീവീടുകളുടെ മൂളൽ നെഞ്ചിടിപ്പ് കൂട്ടും വല്ലാതെ ഭയം ഉണ്ടാക്കുന്ന അന്തരീക്ഷം
കയ്യിലാണെങ്കിൽ ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ഒരു കുഞ്ഞു ലൈറ്റുള്ള ടോർച്‌ ..ചില ദിവസങ്ങളിൽ പാതി വഴിയിൽ വെച്ച് ബാറ്ററി ചാർജ് തീർന്നാൽ ജഗപൊഗ പിന്നെ മുന്നിലുള്ളതൊന്നും കാണാൻ പറ്റൂല്ല കണ്ണും പൂട്ടി മുന്നോട്ടേക്ക് ഒരു മരണപ്പാച്ചിലാണ്


പേടി തന്നെയാണ് പ്രധാന വില്ലൻ എല്ലാത്തിനെയും പേടിയാണ് ഇരുട്ടിനെ,പാമ്പിനെ,പട്ടിയെ,കുറുക്കനെ, കള്ളന്മാരെ,കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന കൊള്ള സംഘത്തെ അതിലെല്ലാം കൂടുതലായി വെള്ള സാരിയുടുത്ത പ്രേതത്തിനെ,തേറ്റപ്പല്ലൂള്ള യക്ഷിയെ..

വലിയ ഭിത്തിയുള്ള രണ്ടു നെടുനീളൻ മതിൽക്കെട്ട് ചെറിയൊരു നടപ്പാത മാത്രം, കുറെ ദൂരം അതിലൂടെ സഞ്ചരിക്കണം,ചുറ്റിലും കാട് പിടിച്ചു നീണ്ടു കിടക്കുന്ന പ്രദേശം നെഞ്ചിടിപ്പോടെയല്ലാതെ ആ പാത മറികടന്നു ടൗണിലെത്താൻ എല്ലാവരും ഒന്ന് പേടിക്കും എങ്ങും കൂരിരുട്ട്..എതിർ വശത്തു നിന്നും വരുന്ന ആൾക്കാർ നമ്മളെ മറികടന്നു പോകുന്നത് വരെ സംശയമാണ് ..മനുഷ്യൻ ആയിരിക്കുമോ അതോ വല്ല പ്രേതങ്ങളും ആയിരിക്കുമോ എന്ന് .

ഇടുങ്ങിയ ഇടനാഴിയിലൂടെ നമ്മൾ മുന്നോട്ട് നടന്നു നീങ്ങുന്നതിനിടയിലാണ് നമ്മൾ അത് കണ്ടത് ..ദൂരെ ഒരു വെളിച്ചം ..മിന്നിയും കെടഞ്ഞും ..പെട്ടെന്ന് അത് വളരെ വേഗത്തിൽ നമ്മുടെ നേരെ വേഗത്തിൽ കുതിക്കുന്നത് പോലെ ..മങ്ങിയ വെളിച്ചം പെട്ടെന്ന് പ്രകാശഭരിതമായി നമ്മൾ ജീവനും കൊണ്ട് പിറകിലോട്ട് നിലവിളിച്ചോടി …ദേഹമാസകലം വിറക്കുന്നു ..കിതപ്പിന്റെ വേഗത ഇരട്ടിച്ചു പെട്ടെന്ന് നമ്മൾ തിരിഞ്ഞു നോക്കി ..ആ വെളിച്ചം അപ്രത്യക്ഷമായി ..നമ്മൾ അവിടെ നിന്നു ..

ശാന്തം ..

ഒന്നുമില്ല,സമയം കുറച്ചു കടന്നു പോയി ..ആ വഴി ആരും വന്നുമില്ല …ഷംസു എന്നോട് ഉറപ്പിച്ചു പറഞ്ഞു

‘മോനെ ഇത് പ്രേതം തന്നെ..ഒരു സംശയവും വേണ്ട നമുക്ക് തിരിച്ചു പോകാം ‘..ജീവനും കൊണ്ട് നമ്മൾ വീട്ടിലേക്ക് തിരിഞ്ഞോടി.

മറുപുറം

പതിവിലും നേരത്തെ സാധനങ്ങൾ എല്ലാം തീർന്നു .കുഞ്ഞമ്പു ഏട്ടൻ കടയും പൂട്ടി ടൗണിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഒറ്റക്കാണ് ..ഉള്ളിൽ പേടിയുണ്ട് ..മുമ്പിൽ പെട്ടെന്ന് ഒരു മങ്ങിയ വെളിച്ചം കുഞ്ഞമ്പു ഏട്ടൻ ഒന്ന് നിന്നു ..പിന്നെ ധൈര്യം സംഭരിച്ചു മുന്നോട്ട് നീങ്ങി ..പെട്ടെന്ന് മുമ്പിലെ വെളിച്ചം അണഞ്ഞു ഘോരമായ ശബ്ദം ..പെട്ടെന്ന് മനസ്സിന്റെയുള്ളിൽ ഒരു അന്ധാളിപ്പ്‌ ..

അദ്ദേഹം അവിടെ നിന്നു ..ഒറ്റക്ക് ..ആരുമില്ല എതിരെ നിന്നും ആരും വരുന്നുമില്ല ..കുഞ്ഞമ്പു ഏട്ടൻ ഉറപ്പിച്ചു ..പ്രേതം തന്നെ പേടിച്ചു അദ്ദേഹം പിറകിലേക്ക് തിരിഞ്ഞോടി

ടൗണിലേക്ക് തിരിഞ്ഞോടുന്നതിനിടയിൽ കയ്യിലുള്ള ടോർച്ചു വീണു ..പേടി ഇരട്ടിച്ചു .. തപ്പിയും തടഞ്ഞും ടോർച്ചു എടുക്കുന്നതിനിടയിൽ അദ്ദേഹം താഴെ വീണു .. ഉള്ള ശക്തി സംഭരിച്ചു അദ്ദേഹം എഴുന്നേറ്റോടി അദ്ദേഹം നന്നായി കിതയ്ക്കുന്നുണ്ട് ..വല്ലാതെ പേടിച്ചു പോയി അദ്ദേഹം. പിന്നീട് ആരുടെ കൂടെയാണ് ,എപ്പോളാണ് കുഞ്ഞമ്പു ഏട്ടൻ വീട്ടിലേക്ക് മടങ്ങിയതെന്നു ദൈവം തമ്പുരാനറിയാം

ഷംസു വീട്ടിൽ എത്തി പ്രേതത്തിനെ നേരിട്ട് കണ്ട കാഴ്ച എല്ലാവരോടും വിശദീകരിച്ചു ..ഒരു പ്രേതമല്ല കുറെ പ്രേതങ്ങൾ ഒരുമിച്ചായിരുന്നു എന്നൊക്കെയാണ് അവന്റെ വിശദീകരണം നമ്മുടെ പ്രേതകഥ നാട്ടിൽ പാട്ടായി ..

ഒരു ആഴ്ച കഴിഞ്ഞതിനു ശേഷം കുഞ്ഞമ്പു ഏട്ടനും അതെ ദിവസം പ്രേതത്തിനെ കണ്ട കഥ അറിയുന്നത് വരെ എല്ലാവരും നമ്മുടെ പ്രേതകഥ വിശ്വസിച്ചിരിക്കുകയായിരുന്നു

ഒരു ആഴ്ച വരെ ഈ കഥയ്ക്ക് ആയുസ്സ് ഉണ്ടാവാൻ എന്താണ് കാരണം എന്നറിയുമോ …

ഒരാഴ്ച ആയിട്ട് കുഞ്ഞമ്പു ഏട്ടൻ പ്രേതത്തിനെ കണ്ടു പേടിച്ചു പനിപിടിച്ചു കിടക്കുകയായിരുന്നു

ശുഭം
സ്നേഹത്തോടെ സ്വന്തം സക്കു

One thought on “പേടി (ഭയം)

Leave a Reply

Your email address will not be published. Required fields are marked *