എന്റെ അവധിക്കാലം

ഇത്തവണ നാട്ടില്‍ പോകുമ്പോൾ പതിവിലും കവിഞ്ഞ സന്തോഷത്തിലാണ്
പുതിയ വീടിന്റെ പാല് കാച്ചല്‍ ചടങ്ങ് ഉറപ്പിച്ചിരിക്കുകയാണ്..

2023 – ഡിസംബർ 30
പുലര്‍ച്ചെ 3 മണി..
ഒരു മണിക്കൂര്‍ വൈകിയാണ് ഫ്ലൈറ്റ് ദുബായില്‍ നിന്നും കോഴിക്കോടെക്ക് പുറപ്പെട്ടത്..
അബുദാബിയില്‍ നിന്നും 2 മണിക്കൂര്‍ മുമ്പ്‌ തന്നെ കോഴിക്കോട് എത്തിയ മരുമകന്‍ നിയാസ് എന്നെയും കാത്ത് പുറത്ത്‌ നില്‍പ്പുണ്ട്

രണ്ട് മണിക്കൂര്‍ നേരത്തെ പുരയില്‍ എത്താന്‍ വേണ്ടി
ബുക്ക് ചെയ്ത ട്രെയിൻ വരുന്നതിന് മുമ്പ്‌ കിട്ടിയ ട്രെയിനില്‍ കയറിയത് മണ്ടത്തരം ആയിപ്പോയി.. കൊടും തിരക്ക്.

ഒടുവില്‍ പുരയില്‍ വന്ന് കയറിയപ്പോള്‍ ഉമ്മയുടെ, ഭാര്യയുടെ, കുട്ടികളുടെ, കുടുംബാംഗങ്ങളുടെ മുഖം കാണുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും ഏതൊരു പ്രവാസിയുടെയും സുഖമുള്ള അനുഭവങ്ങളാണ്.
Sahadi യുടെയും, Zahra യുടെയും, Zakhif ന്റെയും (ഭാര്യയും കുട്ടികളും) മുഖത്ത് ആനന്ദം അലയടിക്കുന്ന സുഖം എനിക്ക് കേൾക്കാം..
പുതിയ വീടിന്റെ പുരോഗതി വിലയിരുത്താന്‍ പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള അവിടെ പോയി നോക്കി..

എന്തെന്നില്ലാത്ത ഒരു അനുഭൂതി… കുറേ ജോലികള്‍ ഇനിയും ബാക്കിയുണ്ട്.

ഡിസംബര്‍ 31 ലെ രാത്രി..
വൈകുന്നേരം എല്ലാവരെയും കൂട്ടി ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ കാണാന്‍ ആയി ഇറങ്ങി,റോഡ് മൊത്തം ബ്ലോക്ക്.. മണിക്കൂറുകളോളം റോഡില്‍ കിടന്ന ശേഷം ഒടുവില്‍ അകത്തു കയറി, എങ്ങും കരഘോഷം.. ജനങ്ങൾ കടൽ തിരമാല പോലെ ഒഴുകി നടക്കുന്നു.. എങ്ങും ഒച്ചയും ബഹളവും.. അന്നൊളം കണ്ടിട്ടില്ലാത്ത ജനപ്രളയം.
ഒരു പുതിയ വര്‍ഷത്തിന്റെ തുടക്കം അങ്ങനെ വെടിക്കെട്ടിന്റെയും ആഘോഷത്തിന്റെയും നടുവില്‍.. പുരയില്‍ തിരിച്ചെത്തിയപ്പോള്‍ പുലര്‍ച്ചെ 3 മണി

ജനുവരി 1
2024 ലെ ആദ്യത്തെ പുലര്‍ച്ചെ

കുറച്ച് കുടുംബാംഗങ്ങളുടെ വീട്ടിലേക്ക് പാല്‍ കാച്ചല്‍ ക്ഷണിക്കാനായി പോയി.. എല്ലാം വേഗത്തിൽ സഞ്ചരിക്കുന്നു..
രണ്ട് ദിവസം കഴിഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലേക്കുള്ള ചുവടുവെപ്പ്, വീട് പണികള്‍ എല്ലാം തകൃതിയായി നടക്കുന്നു.

വൈകുന്നേരം ഞാനും ഉമ്മയും സംസാരിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് എഴുന്നേറ്റ് നടക്കുമ്പോൾ ഉമ്മയുടെ കാല്‍ വഴുതി താഴേക്ക് വീണു – കൈ നിലത്ത് കുത്തി വീണ ഉമ്മയുടെ കൈ പെട്ടെന്ന് തന്നെ വീക്കം വന്നു തുടങ്ങി – ഹോസ്പിറ്റലിലേക്ക് ഞാന്‍ പെട്ടെന്ന് എടുത്തോണ്ട് ഓടി.

എല്ലിനു പൊട്ടലുണ്ട് – കൈയിൽ ഒരു മാസം പ്ലാസ്റ്റർ ഇടണം – മനസ്സ് ഒരുപാട് വേദനിച്ച നിമിഷം.

ജീവിതത്തിലെ ഏറ്റവും സന്തോഷമായ കാര്യങ്ങൾ അവരെ അറിയിക്കാതിരിക്കാന്‍ പറ്റില്ല..

പള്ളിക്കാട്ടിലെ പുല്‍ക്കാടുകള്‍ കൈ കൊണ്ട്‌ വകഞ്ഞു മാറ്റി ഞാന്‍ എന്റെ പ്രീയപ്പെട്ട ഉപ്പയുടെയും ആമിന ഇത്തയുടെയും അടുത്തെത്തി.. എന്റെ ജീവിതത്തി ലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം കാണാന്‍ അവര്‍ ഇല്ലാതെ പോയി..ഒരുപാട് കാര്യങ്ങള്‍ മനസ്സു തുറന്നുപറയാന്‍ ഉണ്ടായിരുന്നു.. എല്ലാം അവർ കേട്ടു.. പക്ഷേ മറുപടി വന്നില്ല.. എങ്കിലും അവരുടെ അനുഗ്രഹവും സന്തോഷവും എനിക്ക് അനുഭവപ്പെട്ടു.. എന്റെ ഏറ്റവും വലിയ രണ്ട് നഷ്ടങ്ങള്‍..

എന്റെ പ്രീയപ്പെട്ട ഉപ്പയുടെയും പെങ്ങളുടെയും വേര്‍പാട്.

ജനുവരി 4 – പുലരുവോളം ജോലി തിരക്ക് ആയിരുന്നു,
ഒരുപാട് ക്ഷീണിച്ച് അവശനായി..
പുലര്‍ച്ചെ 5.30 നു ബാങ്ക് കൊടുക്കുമ്പോഴേക്കും കുടുംബക്കാരുടെ കൂടെ.. പ്രതീക്ഷയോടെ.. സന്തോഷത്തോടെ,അഭിമാനത്തോടെ,എല്ലാവരുടെയും അനുഗ്രഹത്താല്‍ പുതിയ വീടിന്റെ വാതില്‍ തുറന്നു പുതിയൊരു ജീവിതത്തിലേക്ക്

അന്ന് രാത്രിയാണ് ആണ് എല്ലാവർക്കും ഉള്ള പാർട്ടി വെച്ചിരുന്നത്..
മലപ്പുറത്ത് നിന്നും പ്രീയപ്പെട്ട Noufal ഇക്കായും കുടുംബവും സന്തോഷത്തില്‍ പങ്ക്‌ ചേരാന്‍ വന്നത് ഇരട്ടി മധുരം ആയി.

ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ

ആൾക്കാർ വന്നു തുടങ്ങി..
നല്ല ചാറ്റല്‍ മഴ, ബിരിയാണിയുടെ കൊതിയൂറും സ്വാദ്, ഇഷ്ടപ്പെട്ടവരുടെ സാന്നിദ്ധ്യം,
എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു…
“അല്‍ഹംദുലില്ലാഹ്”

രാത്രി 11 മണി..
കല്യാണം കഴിഞ്ഞ പത്താം വാര്‍ഷികത്തിന്റെ സന്തോഷം..
സഹദിയുടെയും കുട്ടികളുടെയും കൂടെ സന്തോഷത്തിന്റെ കേക്ക് മുറി..
അവളുടെ വക എനിക്ക് സ്പെഷ്യൽ ഗിഫ്റ്റ്
എല്ലാവരും ഒത്തുക്കൂടിയ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ.

ജനുവരി 6
വളരെ അവിചാരിതമായി ആണ് ദുബായ് റൂമിലെ സുഹൃത്ത് സിദ്ദീഖ് വീട്ടിലേക്ക് വന്നത്.. വളരെ സന്തോഷം

രാത്രിയാണ് സഹദിയുടെ അമ്മാവന്റെ മകള്‍ ഇച്ചുവിന്റെ മൈലാഞ്ചി കല്യാണം..

ഭാര്യയുടെ കുടുംബത്തിലെ ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ കല്യാണം, രാത്രിയിലെ പാട്ടും ഡാന്‍സും ആയി അടിച്ചു പൊളിച്ച് ഒരു മൈലാഞ്ചി രാവ്.

വീട്ടില്‍ തിരിച്ചു എത്തിയപ്പോൾ പാതിരാത്രി 2 മണി.

പിറ്റേ ദിവസം കല്യാണവും അതിനോട് അനുബന്ധിച്ച് ഉള്ള ചടങ്ങുകളും തീരുമ്പോള്‍ വീണ്ടും പാതിരാത്രി.. ഒരുപാട് ക്ഷീണിച്ചു, എങ്കിലും എല്ലാവരും ഒരുമിച്ചുള്ള കുറെ നല്ല നിമിഷങ്ങൾ.. ഓര്‍മ്മകള്‍

ജനുവരി 9
ഉച്ച സമയം തറവാട് പുരയില്‍ മമ്മദ് അളിയന്റെ കൂടെ ഉച്ച ഭക്ഷണം,
വൈകുന്നേരം കാഞ്ഞങ്ങാട് KFC യില്‍ നിന്നും സഹദിയും കുട്ടികളും KFC കഴിക്കുമ്പോൾ ചിക്കന്‍ കഴിക്കാത്ത ഞാന്‍ പെപ്സി കുടിച്ചു വിഷമം തീര്‍ത്തു,

ജനുവരി 11
രാവിലെ ഷര്‍മി (പെങ്ങളുടെ മകള്‍) യെയും കൂട്ടി ബങ്കളം മ്യൂസിക് ദോസ്ത് സ്റ്റുഡിയോ യില്‍ പാട്ട് റെക്കോഡിംഗ് ന് പോയി
വൈകുന്നേരം റാഹിലിന്റെ (സഹ ദിയുടെ ഇളയുമ്മയുടെ മകന്‍ ) കല്യാണ രാത്രിയുടെ സന്തോഷ നിമിഷങ്ങളിലേക്ക്
വീണ്ടും കുറെ നല്ല മുഹൂര്‍ത്തങ്ങൾ… ഒപ്പം നല്ല ചൂട് നെയ്ചോറും ബീഫും

രാത്രി കുറെ വൈകിയാണ് അവിടെ നിന്നും തിരിച്ചത്..
ഭാര്യ വീട്ടുകാർ എല്ലാവരും കൂടെ ഉണ്ടായിരുന്നു.

ജനുവരി 12
വൈകുന്നേരം,
UK യിൽ നിന്നും നാട്ടിലേക്ക് ലീവിന് വന്ന പ്രിന്‍സിന്റെ പെട്ടെന്നുള്ള ഫോൺ കോള്.. നിമിഷനേരം കൊണ്ട്‌ അവന്‍ എന്നെ കാണാന്‍ എന്റെ പുതിയ വീട്ടിലേക്ക് എത്തി.. വർഷങ്ങൾക്ക് ശേഷമുള്ള കണ്ട് മുട്ടല്‍.. മണിക്കൂറുകളോളം ഒരുപാട് വിശേഷങ്ങൾ..
പഴയകാല ഓര്‍മ്മകള്‍..

രാത്രി വീണ്ടും റാഹിലിന്റെ കല്യാണ നിമിഷങ്ങളിലേക്ക്.കാസര്‍ഗോഡ് ‘ട്രീബോണ്‍’ ഓഡിറ്റോറിയം.. സന്തോഷങ്ങളും കളിചിരിയും കൂടിച്ചേര്‍ന്ന ഒരപൂര്‍വ്വ നിമിഷങ്ങൾ.. വീണ്ടും എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ പാതിരാത്രി.

എല്ലാം കൊണ്ടും ക്ഷീണിച്ച് ഒരു പരുവമായത് കൊണ്ട് രണ്ട് ദിവസം കാര്യമായിട്ട് എങ്ങും പോയില്ല,

ജനുവരി 15- രാത്രി
സിയാറത്തിങ്കര മഖാം ഉറൂസ് കുടുംബാംഗങ്ങളുടെ കൂടെ, ഗൾഫിൽ പോയ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഉറൂസ് കിട്ടുന്നത്, ഓര്‍മ്മകള്‍ 25 വര്‍ഷം പിറകിലെ ആ കുട്ടിക്കാലത്തെക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോയി..
സുഖമുള്ള അനുഭവങ്ങൾ, മക്കള്‍ക്കും, മരുമക്കള്‍ക്കും അവര്‍ക്ക് ആവശ്യമുള്ള കുലുക്കി സർബത്ത്‌, അവില്‍ മില്‍ക്ക്, മോരും സോഡയും, പൈനാപ്പിളും, കക്കിരിയും മുളക് പുരട്ടിയത്, പിന്നെ ബര്‍ഗറും, കല്ല്മ്മക്കായയും തുടങ്ങി നിരവധി അനവധി അപ്പങ്ങൾ, വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ പൈസ ഇല്ലാത്തതിന്റെ പേരില്‍ ആഗ്രഹിച്ചതൊന്നും വാങ്ങാൻ സാധിക്കാത്ത അന്നത്തെ ആ ചെറുപ്പക്കാരന്റെ കണ്ണുകളില്‍ എവിടെയോ നിര്‍വൃതിയുടെ ചുടു കണ്ണീര്‍ മുത്തമിട്ടു.
എല്ലാവരും ഓരോ ഐസ് ക്രീമും കഴിച്ച് അവിടെ നിന്നും യാത്ര തിരിച്ചു.

തൊട്ടടുത്ത ദിവസം രാത്രി വീണ്ടും റച്ചു വിനെയും (പെങ്ങളുടെ മകന്‍) കൂട്ടി സിയാറത്തിങ്കരയും, മാണിക്കോത്തും പോയി വരുന്ന വഴിയില്‍ Zakhif ന്റെ നിര്‍ബന്ധം കാരണം പാര്‍ച്ച യില്‍ മോമോസ് കഴിക്കാൻ കയറി

ജനുവരി 18
അളിയന്‍ സുബൈറിന്റെ ഏട്ടന്റെ മകളുടെ കാനത്ത് ദിവസം.. എന്റെ കൂടെ കാറിൽ അസിനാര്‍ ഇളയുപ്പായും ഉണ്ട്, മലയോര പ്രദേശം ആയത് കൊണ്ട്‌ യാത്ര രസകരം ആയിരുന്നു

വൈകുന്നേരം മകള്‍ Zahra ക്ക് പിസ്സ വേണം എന്ന ആഗ്രഹത്താല്‍ ടൗണിലേക്ക് ഇറങ്ങി, വരുന്ന വഴിയില്‍ കുട്ടികള്‍ക്ക് ഡ്രസും വാങ്ങി.

ജനുവരി 19 – വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം 3 ദിവസത്തെ ലീവിന് നാട്ടില്‍ എത്തിയ പട്ടാളക്കാരന്‍ ആയ പ്രീയ സുഹൃത്ത്
സുനിലും കുടുംബവും പുതിയ വീട് കാണാന്‍ എത്തി, സഹദിയുടെ സ്പെഷ്യൽ ബീഫ് ബിരിയാണിയും ചിക്കൻ ബിരിയാണിയും ബീഫ് വരട്ടിയതും ഉണ്ടായിരുന്നു, ശബരിമലയില്‍ നിന്നും കൊണ്ട്‌ വന്ന അരവണ പായസം കൊണ്ട്‌ വരാൻ സുനിലും മറന്നില്ല, ഒരുപാട് നാളുകള്‍ക്ക് ശേഷം അവന്റെ കൂടെ ഒരുപാട് നിമിഷങ്ങൾ, നമ്മുടെ കുട്ടികളുടെ കുസൃതിയും കളി ചിരിയുമായി സമയം പോയതറിഞ്ഞില്ല. അടുത്ത ലീവിന് ഒരുമിച്ച് വരാം എന്ന് പരസ്പരം ഉറപ്പ് നല്‍കി അവനും കുടുംബവും യാത്ര ചൊല്ലി പടിയിറങ്ങി..

ബിരിയാണി കഴിക്കാൻ സുബൈര്‍, യൂസുഫ് അളിയന്‍മാരും ഉണ്ടായിരുന്നു.

അന്ന് രാത്രി ശര്‍മി യുടെയും (പെങ്ങളുടെ മകള്‍) ജാസി യുടെയും (ജ്യേഷ്ഠന്റെ മകള്‍) ഭർത്താവിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി.. രാത്രി ഭക്ഷണം അവരുടെ കൂടെയായിരുന്നു.

തൊട്ടടുത്ത ദിവസം
കുഞ്ഞാമു ഇളയു പ്പ യുടെ വീട്ടിലും, സുഖമില്ലാത്ത സക്കീന അമ്മായിയുടെ (ജ്യേഷ്ഠന്റെ ഭാര്യ) ഉപ്പയെ കാണാനും പോയി – രാത്രി ഭക്ഷണം റഹ്മാനിയ ഹോട്ടലിൽ വെച്ച്.

ജനുവരി 22.
കുട്ടികൾ സന്തോഷത്തോടെ കാത്തിരുന്ന ആ ദിവസം -ഊട്ടി യിലേക്ക് ടൂര്‍.
ട്രെയിൻ വഴിയായിരുന്നു മൊത്തം യാത്രയും.
നീലേശ്വരത്തു നിന്നും നേരെ കോയമ്പത്തൂര്‍ – വൈകുന്നേരം അവിടെ നിന്നും മേട്ട്പാളയം എത്തി അന്ന് രാത്രി അവിടെ ആണ് താമസം.

ജനുവരി 23
പുലര്‍ച്ചെ 5 മണി ക്ക് എഴുന്നേറ്റ് റെഡി ആയി സ്റ്റേഷനിലേക്ക് എത്തി – 7 മണിക്ക് ആണ് മേട്ട്പാളയം – ഊട്ടി ടോയ് ട്രെയിൻ യാത്ര തിരിക്കുന്നത്. കാടും മലയും കുന്നും വെള്ളച്ചാട്ട വും കൊണ്ട്‌ മനസ്സ് നിറച്ച യാത്ര, ഒരുപാട് നാളായുള്ള ആഗ്രഹ സഫലീകരണം – ഒടുവില്‍ കിലുക്കം സിനിമ യില്‍ രേവതി വന്നിറങ്ങിയ പോലെ ഞങ്ങൾ ഉദഗമണ്ഡലം (ഊട്ടി) റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി.

2 ദിവസം ഊട്ടിയി ലെ തണുപ്പും വശ്യതയും,അവിടത്തെ തനതായ ശൈലിയിലെ ഭക്ഷണവും രുചി കൂട്ടുകളും ഞങ്ങൾ നന്നായി ആസ്വദിച്ചു. വെള്ളത്തിന് കൊടും തണുപ്പ് ആണ്‌, എന്ത് തണുപ്പ് ആയാലും zakkif ന് കുളിക്കാന്‍ ചൂട് വെള്ളം ആവശ്യമില്ല “ബാപ്പ, എനിക്ക് വല്യ തണുപ്പ് ഇല്ല ബാപ്പ, അതോണ്ട് ചൂട് വെള്ളം വേണ്ട കുളിക്കാന്‍” ഇതാണ് അവന്റെ ഡയലോഗ്.

മുന്‍കൂട്ടി Ac ബൂക്ക് ചെയതത് കൊണ്ട്‌ തന്നെ ട്രെയിൻ യാത്രയെല്ലാം സുഖകരമായിരുന്നു.

ജനുവരി 25 – പുലര്‍ച്ചെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
നല്ല യാത്രാക്ഷീണമുള്ളത് കൊണ്ട് ഉച്ച ഭക്ഷണം പുറത്ത് നിന്നും – ശ്രീമുത്തപ്പന്‍ വനിതാ ഹോട്ടലിൽ നിന്നും നല്ല നാടൻ ചോറും മീന്‍ വറുത്തതും- കുട്ടികള്‍ക്ക് സാമ്പാറും പച്ചക്കറികളും ഏറെ ഇഷ്ടം.

നാളെയാണ് Zahra യുടെ Birthday – രാത്രി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കേക്കും വാങ്ങിയാണ് പോയത് – രാത്രി എല്ലാവരുടെയും കൂടെ സന്തോഷ നിമിഷം – Zahra യുടെ ജന്മദിനം എനിക്ക് എന്നും അഭിമാന ത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്

ജനുവരി 27 – രാവിലെ 10 മണി

ജാസിയും അഫ്രീഡും,സിനു വും കൂടെയുണ്ട് (ജ്യേഷ്ഠന്റെ മകളും ഭര്‍ത്താവും, അനിയത്തിയുടെ മകനും)സുല്ല്യ വഴി നേരെ കൂർഗു മടിക്കേരി യിലേക്ക് ഒരു ട്രിപ്പ്
നല്ല കാലാവസ്ഥ – പലസ്ഥലങ്ങളിലും കറങ്ങി – ഏറ്റവും ആസ്വദിച്ചത് ZipLine ആയിരുന്നു – രാത്രി ഏറെ വൈകി റഹ്മാനി യ യില്‍ നിന്നും രാത്രി ഭക്ഷണവും കഴിച്ചാണ് പുരയില്‍ തിരിച്ചെത്തിയത്

ജനുവരി 28

മുബീന അമ്മായിയുടെ (അളിയന്റെ ഭാര്യ) പുതിയ വീടിന്റെ പാല് കാച്ചല്‍ ആണ് ഇന്ന് – ഉച്ചയ്ക്ക് നല്ല നെയ്ച്ചോറും ബീഫും – എല്ലാം കഴിഞ്ഞ് നേരെ സഹദി യുടെ വീട്ടില്‍ പോയി ഞാന്‍ നന്നായി കിടന്നുറങ്ങി – ഒരു ഉച്ചമയക്കം,
വൈകുന്നേരം കുട്ടികളുടെ കൂടെ വീണ്ടും ഒരു കേക്ക് മുറി-തസ്നിയുടെ (സഹദിയുടെ ജ്യേഷ്ഠത്തി) വക Zahra ക്ക് സ്പെഷ്യൽ ഗിഫ്റ്റ് – അവൾ ഫുൾ ഹാപ്പി..
രാത്രി ഫാഹിദയെ (അളിയന്റെ ഭാര്യ) അവളുടെ കാസര്‍ഗോഡ് ഉള്ള വീട്ടില്‍ കൊണ്ട്‌ വിട്ട് ഞങ്ങള്‍ നേരെ വീട്ടിലേക്ക് എത്തിയപ്പോൾ സമയം നന്നേ വൈകിയിരുന്നു – നല്ല ക്ഷീണം.

ജനുവരി 31
Zahra ഇന്ന് സ്കൂളില്‍ നിന്നും കണ്ണൂരിലെ വിസ്മയ പാര്‍ക്കിലും മറ്റും ടൂര്‍ പോവുകയാണ് – രാവിലെ 7 മണിക്ക് അവളെ സ്ക്കൂളില്‍ കൊണ്ട്‌ വിടാനും വൈകുന്നേരം 7 മണിക്ക് തിരിച്ചു കൊണ്ടു വരാനും പോയി – സ്ക്കൂളില്‍ വെച്ച് വർഷങ്ങൾക്ക് ശേഷം നിധീഷിനെ കണ്ട് മുട്ടി, കൂട്ടത്തിൽ ദുബായിലെ സുഹൃത്ത് ജബ്ബാറി നെയും കുടുംബത്തെയും കണ്ട് സംസാരിച്ചിരുന്നു.

ഫെബ്രുവരി 1
രാവിലെ തന്നെ കാഞ്ഞങ്ങാട് ഹോസ്പിറ്റല്‍ പോയി – ഞാനും സഹദിയും “ഇജാമ” ചികിത്സ നടത്തി.
അന്ന് രാത്രി പുലരുവോളം കുട്ടികളുടെ കൂടെ ഡോമിന്‍സും, കള്ളനും പൊലീസും കളി ചിരിയുമായി കുറെ നേരം..

ഫെബ്രുവരി 2
വൈകുന്നേരം സഹദിയുടെ ഉമ്മയും, റുക്സാനയും കുട്ടികളും (അളിയന്റെ ഭാര്യ) പുരയിലേക്ക് നില്‍ക്കാന്‍ ആയി വന്നു – കുട്ടികള്‍ എല്ലാവരും ചേര്‍ന്നു നല്ല കുറെ നിമിഷങ്ങൾ

ഫെബ്രുവരി 3
വൈകുന്നേരം പള്ളിക്കര ഖൈറു ഇത്തയുടെ (മൂത്ത പെങ്ങള്‍) പുരയില്‍ നിന്നും വരുമ്പോൾ സഫീനയുടെ (പെങ്ങളുടെ മകള്‍) ഭര്‍തൃ വീട്ടിലും കയറി.

ഫെബ്രുവരി 4

(അവധി കഴിഞ്ഞ് ഷാര്‍ജ യിലേക്ക് തിരിച്ചു പോകുന്ന ദിവസം😭)

രാവിലെ രണ്ടാമത്തെ ജ്യേഷ്ഠ സഹോദരന്റെ (അസീസ് ഇക്ക ) കോര്‍ട്ടേസിന് കുറ്റി അടിക്കുന്ന ദിവസം
രാവിലെ എല്ലാവരും ഉണ്ടായിരുന്നു- എല്ലാവരോടും യാത്ര പറഞ്ഞു തുടങ്ങി…

കാര്യങ്ങൾ യാന്ത്രികമായി പോകുന്നു..
ലീവ് കഴിഞ്ഞ് തിരിച്ചു പ്രവാസ ത്തിലേക്ക് പോകാനുള്ള സമയം കുറഞ്ഞു വരുന്നു.

മകനോടും, മകളോടും ഒരുപാട് ഉപദേശങ്ങള്‍ കൊടുത്തു, ഉമ്മയോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.. അവളോട് കൂടുതൽ സംസാരിക്കാന്‍ നിന്നില്ല..
അത് പിന്നീട് യാത്ര പറയുമ്പോൾ കൂടുതല്‍ വേദനയായി മാറും

വൈകുന്നേരം എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് നടന്നു നീങ്ങി..
മകന്‍ കൂടെ വരാൻ കരച്ചില്‍ തുടങ്ങി
പിടിച്ചു നില്‍ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു.. വിധി.
ഏതൊരു പ്രവാസിയുടെയും അവസ്ഥ…
മനസ്സ് നിറയെ വേദനയോടെ

കണ്ണ് നിറയെ കണ്ണീരോടെ…

ഒടുവില്‍ ട്രെയിൻ വന്നു..
Zahra റെയിൽവേ സ്റ്റേഷനില്‍ വന്നിരുന്നു, ട്രെയിൻ വന്നപ്പോൾ യാത്ര പറഞ്ഞു പോവാന്‍ ഒരുങ്ങിയപ്പോൾ അയാന്‍ (അനിയത്തിയുടെ മകന്‍) എന്റെ കൂടെ വരാൻ ഒരുപാട് കരഞ്ഞു.

ട്രെയിൻ നീങ്ങി തുടങ്ങി..
എന്റെ യാത്രയും

ട്രെയിൻ മാറി ഫ്ലൈറ്റ് കയറി..

അവിടെ നിന്നും ബസില്‍ ഷാര്‍ജയിലെ എന്റെ റൂമിലേക്ക്..

വീണ്ടും പ്രവാസത്തിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *