ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ (PART 4)

(ദുബൈ ക്രിക്കറ്റ് വിശേഷങ്ങൾ വളരെ വേഗത്തില്‍ സഞ്ചരിക്കും ഈ ദുബായ് നഗരം പോലെ)

2010-മാർച്ച് മാസത്തിലെ ദുബൈ ദേരയിലെ ഒരു ചൂടുള്ള സായാഹ്നം.. അപ്രതീക്ഷിതമായി നാട്ടിലെ കൂട്ടുകാരന്‍ രാജേഷിനെ കാണുന്നു.. അവന്റെ കൂടെ റൂമിലേക്ക് പോകുന്നു..
എന്റെ നാട്ടുകാരായ കൂട്ടുകാരും തിരുവനന്തപുരം ഉള്ള കുറെ ആള്‍ക്കാരും ഒരുമിച്ച് താമസിക്കുന്ന ഒരു ബില്‍ഡിങ്ങിലെ ഏറ്റവും മുകളിലത്തെ മുറി

ടിവി യില്‍ ക്രിക്കറ്റ് കാണുന്ന ഷിജാസ് എന്ന കൂട്ടുകാരന്റെ അടുത്ത് ഞാന്‍ മെല്ലെ ചെന്നിരുന്നു
എന്റെ മുഖത്ത് സന്തോഷം.. ദുബായില്‍ വന്നിട്ട് ആദ്യമായാണ് ടിവി യില്‍ ക്രിക്കറ്റ് കാണുന്നത്.. അതും എന്റെ ഹീറോ ധോണിയുടെ.. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മാച്ച് ടിവി യില്‍ നടക്കുന്നു
ഷിജാസ് എന്നോട് ചോദിച്ചു. ‘ക്രിക്കറ്റ് അറിയുമോ? കളിയൊക്കെ കാണാറുണ്ടോ?
ഞാന്‍ പുഞ്ചിരിച്ചു
അത് കേട്ട് വന്ന എന്റെ കൂട്ടുകാരന്‍ മധു പറഞ്ഞു “ആ ബെസ്റ്റ്.. ആരോട് ആണ് കളി അറിയുമോ എന്നൊക്കെ ചോദിക്കുന്നത്.? നാട്ടിലെ വല്യ ക്രിക്കറ്റ് ഭ്രാന്ത്നോട് ആണോ
അത് കേട്ട് ഷിജാസ് പറഞ്ഞു. ‘ഓഹോ.. കൊള്ളാല്ലോ എങ്കിൽ പോര് നമ്മുടെ കൂടെ കളിക്കാന്‍.. നമ്മൾ ടെന്നീസ് ബോളില്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ കളിക്കാറുണ്ട്’

ആ ചോദ്യത്തില്‍ തുടങ്ങി ദുബായിലെ ക്രിക്കറ്റ് ഭ്രാന്തന്റെ രണ്ടാം ഇന്നിങ്ങ്സ്,
നാട്ടില്‍ നിന്നും വന്നതിന് ശേഷം 8,9 മാസമായി ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട്‌ പിന്നീടുള്ള എല്ലാ വെള്ളിയാഴ്ചകളും രാവിലെ ചൂടും വെയിലും മഴയും തണുപ്പും വക വെക്കാതെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചു തിമിര്‍ത്തു… ദുബൈ ദേര ഹയാത്ത് റീജന്‍സി ഗ്രൌണ്ട് എനിക്ക് സ്വന്തം നാട്ടിലെ ലക്ഷം വീട് കോളനി പോലെ സുപരിചിതം.. എങ്ങും കൂട്ടുകാർ.. പല ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു തുടങ്ങി.. ജീവിതം ക്രിക്കറ്റിലൂടെ വീണ്ടും ആസ്വദിച്ച നിമിഷങ്ങൾ. .. രണ്ട് വര്‍ഷം കഴിഞ്ഞ് ലീവിന് നാട്ടില്‍ പോയപ്പോള്‍ ദുബായിലെ ക്രിക്കറ്റ് വിശേഷങ്ങൾ എന്റെ യോര്‍ക്കര്‍ സുഹൃത്തുക്കളോട് ഞാന്‍ വളരെ ആവേശത്തോടെ പറയുന്നത് അവര്‍ സന്തോഷത്തോടെ കേട്ടിരിക്കും

നാട്ടില്‍ നിന്നും തിരിച്ചു വന്ന ഞാന്‍ ദുബായ് വിട്ടു ഷാര്‍ജയിലേക്ക് ജോലി മാറി (എന്റെ ക്രിക്കറ്റ് ബന്ധം ആണ് പുതിയ ജോലി കിട്ടാന്‍ സഹായിച്ചത്)

പെട്ടെന്നൊരു ദിവസം കൂട്ടുകാരന്‍ കണ്ണന്‍ ആണ് എന്നോട് പറഞ്ഞത് ഷാര്‍ജയിലെ സ്പാർട്ടന്‍സ്‌ എന്ന ടീം സ്റ്റിച്ച് ബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട് നിനക്ക് താല്‍പര്യം ഉണ്ടെങ്കിൽ നമുക്ക് പോയി കളിക്കാം എന്ന്

എല്ലാം വളരെ പെട്ടെന്നായിരുന്നു.. 2012 ലെ മധ്യത്തില്‍ ടീമില്‍ എത്തിയ ഞാന്‍ 2013 ന്റെ തുടക്കത്തിൽ ടീമിന്റെ നായകന്‍ ആയി (നീണ്ട പത്ത് വര്‍ഷത്തിനുപ്പുറവും ഇന്നും നായകന്‍ ആയി തുടരുന്നു)

2014 ന്റെ തുടക്കത്തിൽ കല്യാണം കഴിക്കാനായി നാട്ടിലേക്ക് പോകുമ്പോൾ സ്പാര്‍ട്ടന്‍സ് ടീം തന്ന ഗിഫ്റ്റ് വാച്ച് ഇന്നും ഞാന്‍ നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്, ടീമിലെ എല്ലാവരെയും ഞാന്‍ ഭായി എന്ന് വിളിക്കുന്നത് കൊണ്ട്‌ എല്ലാവരും തിരിച്ച് എന്നെയും ഭായി എന്ന് വിളിച്ചു തുടങ്ങി.
ടീമിലെ എല്ലാവരോടും ഞാന്‍ വളരെ പെട്ടെന്ന് ഒരു മാനസിക അടുപ്പം ഉണ്ടാവാന്‍ കാരണം ഷൈജു ഭായിയുടെയും ഇഖുവിന്റെയും ഇടപെടലുകളും അവർ ടീമിലെ ഓരോ ആള്‍ക്കാ രെയും കുറിച്ച് വ്യക്തമായി പറഞ്ഞു തരുകയും ചെയതത് കൊണ്ടാണ്

ടീം ഒരു ഫാമിലി പോലെ മുന്നോട്ടു പോകാന്‍ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചു..
സ്വന്തമായി ടൂര്‍ണമെന്റ് നടത്തി ടീമിനു വേണ്ടി ഫണ്ട് ഉണ്ടാക്കി, ആ ഫണ്ട് ഉപയോഗിച്ച് അജ്മാനില്‍ ഗ്രൗണ്ട് വാടകയ്ക്ക് എടുത്തു വീണ്ടും ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ഒരു വ്യാഴാഴ്ച രാത്രി നല്ല മഴ.. ഗ്രൗണ്ടില്‍ ആകെ വെള്ളം നിറഞ്ഞു. നാളെ രാവിലെ കളി നടക്കില്ല.. എന്തു ചെയ്യും? കൂടുതൽ ഒന്നും ആലോചിച്ചില്ല.. നമ്മൾ ടീം മൊത്തം ആ രാത്രി ഗ്രൗണ്ടി ലേക്ക് പോയി.. ഷിന്റോ ഭായുടെയും ലൈജു ഭായുടെയും കാറിന്റെ പിറകില്‍ പലക കെട്ടി വലിച്ചു കൊണ്ട്‌ ഗ്രൗണ്ടിലെ വെള്ളം മൊത്തം മാറ്റിയെടുത്തു ..
രണ്ട് മണിക്കൂറിന്റെ കഷ്ടപ്പാടിനിടയിലും ഇനി രാവിലെ ആവുമ്പോഴേക്കും മഴ വീണ്ടും വരുമോ എന്നുള്ള പേടിയോടെ നമ്മൾ പാതിരാത്രി റൂമിലേക്ക് മടങ്ങി
പക്ഷേ മഴ നമുക്ക് മുമ്പില്‍ തോറ്റു. രാവിലെ കളി നടന്നു..
അല്ല നമ്മൾ നടത്തിച്ചു

അജ്മാനിലെ ഹംരിയ എന്ന പ്രദേശം നമ്മൾ ദുബായിലെ ക്രിക്കറ്റ് ഭ്രാന്തന്‍മാരുടെ സ്വര്‍ഗം ആണ്.. ചുട്ട് പൊള്ളുന്ന വെയിലിലും.. തണുത്തു വിറയ്ക്കുന്ന മഴയിലും നമ്മൾ ആ ഗ്രൗണ്ടില്‍ സന്തോഷം കണ്ടെത്തിയിരുന്നു

ക്രിക്കറ്റ് എന്ന ഈ ഭ്രാന്തന്‍ കളി തന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കുറെ നല്ല കൂട്ടുകാരും അവരോടൊപ്പമുള്ള കുറെ നല്ല നിമിഷങ്ങളുമാണ്

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ എല്ലാവരെയും ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തുന്ന ചുമതല എനിക്ക് ആയിരുന്നു, അതിരാവിലെ എഴുന്നേറ്റ് കുളിച്ചു അത്തർ ഒക്കെ പൂശി സുന്ദരനായി പോകുന്നത് കണ്ടാല്‍ തോന്നും ഞാന്‍ ഏതോ കല്യാണത്തിന് പോകുന്നതാണ് എന്ന്
ചില ഫോൺ കോളില്‍ തുടങ്ങിയ വലിയ സുഹൃത്ത് ബന്ധനങ്ങള്‍ ഉണ്ട് ഈ ദുബൈ നഗരത്തിൽ, അത് പോലെ കിട്ടിയ ഒരു സുഹൃത്ത് ആയിരുന്നു ലിബിന്‍ എന്ന കൂട്ടുകാരന്‍ “എന്താണ് ലിബിന്‍ ഭായ് നിങ്ങൾ കളിക്കാന്‍ വരാമെന്ന് പറഞ്ഞിട്ട് ഫോൺ വിളിച്ചിട്ട് എടുക്കാത്തത് ” പെട്ടെന്ന് റെഡി ആയി ഗ്രൗണ്ടിലേക്ക് വരൂ” എന്റെ ആ ഒരു ഡയലോഗില്‍ തുടങ്ങിയ പുതിയ സൗഹൃദം.. പിന്നെ ദീര്‍ഘകാലം എന്റെ വിശ്വസ്തനായ ബാറ്റിംഗ്‌ പാര്‍ട്ണർ ആയി സ്പാർടന്‍സില്‍ ഒരുമിച്ച്.. ഒപ്പത്തിനൊപ്പം..

ഒരു ദിവസം പുലര്‍ച്ചെ എനിക്ക് അറിയാത്ത നമ്പറില്‍ നിന്നും ഒരു ഫോൺ കോൾ വന്നു

ഷക്കീര്‍ അല്ലെ?
അതെ.. ഞാന്‍ പറഞ്ഞു

ഉണ്ണിയാണ് നിങ്ങടെ നമ്പർ തന്നത്. അയാൾ തുടര്‍ന്ന് പറഞ്ഞു
ആരാണ് നിങ്ങൾ?
ഞാന്‍ വീണ്ടും ചോദിച്ചു

അയാൾ പറഞ്ഞു
” ഞാന്‍ നൗഫല്‍”

ഒരു യുഗത്തിന്റെ തുടക്കം.

ദുബൈ വിശേഷങ്ങൾ തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *