ഇടതു വശത്തെ ഗ്രണ്ടിന്റെ മുന്നിൽ നിന്നും ഞാൻ റോഡ് ക്രോസ്സ് ചെയ്തു നേരെ പോകുന്നത് സാഗർ ഹോട്ടലിലേക്കാണ് ..
അവിടെ എനിക്ക് വെയിറ്റർ ഭാസ്കരേട്ടനെ കാണാം ..
സെബാസ്ട്യനെ കാണാം ..
ക്രിക്കറ്റ് കളിയിൽ ചാമ്പ്യന്മാരായാൽ പാർട്ടി എന്നും സാഗർ ഹോട്ടലിലാണ് ..
കുറെ ദിനരാത്രങ്ങളിലെ കൂട്ടുകാരോടൊത്തുള്ള കൂടിച്ചേരൽ,സൊറ പറച്ചിൽ ..അങ്ങിനെയങ്ങിനെ ഓർമ്മകൾ പലതാണ് ..
മമ്മിച്ചന്റെ ലോട്ടറി സ്റ്റാളിൽ പോയി 10 DATA ലോട്ടറിയും എടുത്തു ..ഇന്ന് ഏത് നമ്പറിനാണ് ചാൻസ് എന്ന് ചോയ്ക്കാൻ ഞാൻ മറന്നില്ല ..
സലാമിച്ചന്റെ ടെലിഫോൺ ബൂത്തിന്റെ മുന്നിലൂടെ വായനശാലയുടെ അടുത്തേക്ക് നീങ്ങി ..
തണുപ്പുള്ള ഒരു ഡിസംബർ ..പുലർച്ചെ 6 മണി
വായനശാലയ്ക്ക് മുമ്പിലെ ഷട്ടിൽ കോർട്ടിൽ ആളും ബഹളവുമുണ്ട് ..സോജൻ ബ്രോ ,റോജൻ ബ്രദർ, ഡാനിയൽ മാഷ് ,mundol ഫാമിലി അങ്ങനെ എല്ലാവരുമുണ്ട് ഷട്ടിൽ കളിക്കാൻ ..
കാണാൻ നമ്മൾ കുറെ ആൾക്കാരും ..
തണുപ്പ് ആയത് കൊണ്ട് രാവിലെ കളിക്കാനും കളി കാണാനും ഒരു പ്രേത്യേക സുഖം ആണ് ..
1996 കാല ഘട്ടം മുതൽ ഒരുപാട് ക്രിക്കറ്റ് മാച്ച് തിങ്ങിക്കൂടിയ ജനക്കൂട്ടത്തിന്റെ നടുവിലിരുന്നു കണ്ട ഒരു നൊസ്റാൾജിയയാണ് ആ വായനശാല .
പിന്നെ നേരെ പോയത് സുമംഗലി ഹോട്ടലിലേക്കാണ് ..ഉച്ച സമയം ആയതു കൊണ്ട് ദിനേശേട്ടന്റെ കടയിൽ ദിവസക്കൂലിക്കാർ ഊണ് കഴിക്കുന്നതിന്റെ തിരക്കാണ് പിന്നെയും നടന്നു നീങ്ങിയപ്പോൾ നമ്മുടെ സ്വാമി സഹോദരങ്ങളുടെ വെൽഡിങ് ഷോപ്
(ഇന്നും ആ ബിൽഡിങ്ങും ഷോപ്പും അവിടെയുണ്ട്) പിന്നെ ഒരു ചെറിയ കോണിപ്പടിയുടെ മുകളിലൂടെ ഞാൻ രണ്ടാം നിലയിലേക്ക് കയറുമ്പോൾ അവിടെയുള്ള കടയിൽ നിന്നും ഒരു സോഡാ സർബത്തും കുടിച്ചു ..കോണിപ്പടി കേറി നേരെ ചെന്നത് രഘു ഏട്ടന്റെ തയ്യൽ ഷോപ്പിലേക്ക് ..നമുക്ക് സംസാരിക്കാൻ എന്നും ഒരുപാട് വിഷയങ്ങൾ ഉണ്ടാവാറുണ്ട്
(ഇന്നും ഷാർജയിൽ വെച്ച് ഞാൻ രഘു ഏട്ടനെ കാണാറുണ്ട് )..
പിന്നെ പതിയെ താഴേക്കിറങ്ങി വന്നു ..ചന്ദ്രിക ബേക്കറിയിലെ ബിസ്കറ്റും,കേക്കും എന്നും കൊതിയുള്ളതാണ്
(തെയ്യം കലാകാരൻ ആയ കൃഷ്ണേട്ടൻ ഉപ്പാന്റെ വല്യ ചങ്ങായി ആണ്)
തെട്ടടുത്തുള്ള രാജന്റെ ബാർബർ ഷോപ്പാണ് നമ്മുടെ മെയിൻ സങ്കേതം ..ബാർബർമാർ നാട്ടിൽ കുറെ ഉണ്ടെങ്കിലും എല്ലാവർക്കും രാജനെ മതി ..
പെരുന്നാളിന് നാട്ടിൽ ഏറ്റവും കൂടുതൽ തിരക്ക് കാണുന്നത് രാജന്റെ ബാർബർ ഷോപ്പിലും അത്തിച്ചാന്റെ ഇറച്ചിക്കടയിലും ആണ്
ബാർബർ ഷോപ്പിന്റെ തൊട്ടടുത്തായി ആദം കണ്ണേട്ടന്റെ ചായക്കട ..
കോസപ്പൻ ചേട്ടന്റെ തട്ടുകട ..
തൊട്ടടുത്തായി കുഞ്ഞമ്പു ഏട്ടന്റെയും കല്യാണി ഏട്ടിയുടെയും പെട്ടിക്കട ..
(അവരുടെ പ്രണയം കാണേണ്ട ഒരു കാഴ്ചയാണ് )
അതിന്റെ വലതു വശത്തായി അസൈനാർചന്റെ (എന്റെ എളയുപ്പ) പച്ചക്കറിക്കട ..
( നമ്മൾ കുടുംബക്കാർ ആയ സഹോദരങ്ങൾ ഒരുമിച്ചു കൂടിയിരുന്നു കാര്യവും കളിയും പറയുന്ന പ്രധാന താവളം)
അതിന്റെ പിറകിൽ ആയി ഷാജഹാൻച്ചാന്റെ സോഫാസെറ് ഷോപ്
തൊട്ടടുത്തായി എളയുപ്പന്റെ മക്കളുടെ ദർവേഷ് ബേക്കറി ..
തൊട്ടടുത്ത് മമ്മൂച്ചന്റെ (എന്റെ മുത്തപ്പന്റെ) അനാദി കട ..
(പഴയ ബിൽഡിങ് ഉള്ളപ്പോൾ സണ്ണിച്ചായന്റെ ഇലക്ട്രിക്ക് ഷോപ് ഉണ്ടായിരുന്നു )
പിന്നെ അഷറഫിന്റെ മൊബൈൽ കട..
പിന്നെ പികെ മമ്മിച്ചന്റെ മിൽമ ബൂത്ത് ..
എല്ലാം കൺകുളിർക്കെ കണ്ടു ഞാൻ അതിന്റെ പിറകിലെ നമ്മുടെ ഹക്കിമിച്ചന്റെ കോയിപ്പീടികയിലേക്ക് നടന്നു ..
എന്നും നമ്മൾ കൂട്ടുകാർ അവിടെയാണ് ..
തൊട്ടടുത്തുള്ള റയിൽവേ ട്രാക്കിലെ തീവണ്ടിയുടെ ചൂളംവിളി ..
ട്രെയിനുകളുടെ വേഗതയിൽ നമ്മൾ നിൽക്കുന്ന നിലം പോലും കുലുങ്ങുന്ന ഫീൽ ആണ്…
പിന്നെ തൊട്ടടുത്തുള്ള കൊല്ലൻ രാഘവേട്ടന്റെ കടയുടെ മുമ്പിലൂടെ നടന്നു നീങ്ങിയത് നാരായണേട്ടന്റെ ഫാൻസി കടയിലേക്കും
(പണ്ട് ഇത് പട്ടക്കട ആയിരുന്നു ) ബാബു ഏട്ടന്റെ പച്ചക്കറി കടയിലേക്കുമാണ് ..
തൊട്ടടുത്ത് കൊട്ടേട്ടന്റെ ചായക്കടയുണ്ട്
നമ്മൾ ചെറുപ്പക്കാരെല്ലാം റോഡിന്റെ ഇടത്തേ വശത്തെ ഈ പ്രാന്ത പ്രദേശങ്ങളിൽ ഇങ്ങനെ പറന്നു നടക്കുന്നുണ്ടാവും ..
തൊട്ടു മുമ്പിൽ റോഡ് സൈഡിൽ നമ്മുടെ പടന്നക്കാടിന്റെ മീൻ വില്പന കേന്ദ്രത്തിൽ പാറു ഏട്ടത്തി ,പൽപ്പിനി ഏച്ചി ,ശാന്തേച്ചി, പുഷ്‌പേച്ചി തുടങ്ങിയ വിശ്വസുന്ദരികളെയും കാണാം .. തൊട്ടടുത്ത് നമ്മുടെ നാട്ടിലെ എല്ലാമെല്ലാമായ അത്തിച്ചാന്റെ മുറുക്കാൻ കട ..
(ഉപ്പാക്ക് മുറുക്കാൻ മേടിക്കുന്നത് എന്നും ഇവിടെന്നാണ് ..ഉപ്പാക്ക് സ്‌പെഷ്യൽ ബീഡ കിട്ടും )..
സ്‌കൂൾ കാലഘട്ടങ്ങളിൽ റോഡ് സൈഡിൽ ബസ് കാത്തു നിൽക്കുന്ന സുന്ദരികളായ പെൺകുട്ടികളെ റോഡിന്റെ അങ്ങേ സൈഡിലെ ഓട്ടോയിൽ ഇരുന്നു ഇമവെട്ടാതെ നോക്കി നിൽക്കുന്ന പൂവാലന്മാർ അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു ..
ഞായറാഴ്ച്ചയിലെ വൈകുന്നേരങ്ങളിൽ മദ്യം കുടിക്കാത്ത (കുളിക്കാറാണ് പതിവ്) വരുടെ ലീല വിലാസങ്ങളും,ലോട്ടറി സ്റ്റാളിലെ തിരക്കും ,കോസപ്പൻ കാക്കയുടെ ദേഹത്തേക്ക് ഒഴിക്കുന്ന ദുർഗന്ധം ഇല്ലാത്ത തൂറിയിടലും, മീൻ വെള്ളത്തിന്റെ സുഗന്ധവും,ലോട്ടറി വിൽപ്പനക്കാരുടെ ബഹളവും ,ഓട്ടോറിക്ഷയെ മണിയറയേക്കാൾ അണിയിച്ചൊരുക്കിയ ഡ്രൈവർമാരും,407 പിക്കപ്പ് ഡ്രൈവര്മാറ്റുടെ നിരയും,ലോക്കൽ പാർട്ടി നേതാക്കന്മാരുടെ കൊച്ചു സമ്മേളനങ്ങളും,അന്ധഗായകരുടെ സംഗീതവും,നമ്മൾ ക്രിക്കറ്റ് പിരാന്തൻമാരുടെ കൂട്ട ബഹളവും പിന്നെ ഓവർടേക്ക് ചെയ്തു റോഡിൽ ബ്ലോക്ക് ഉണ്ടാക്കുന്ന ബസിനെയെല്ലാം നമ്മൾ എല്ലാവരും ചേർന്ന് ഏറ്റവും പിറകിലേക്ക്
(ആനയെ എഴുന്നള്ളിക്കുന്നത് പോലെ ) പറഞ്ഞു വിടുന്നതും അങ്ങനെ പടന്നക്കാടിനു മാത്രം സ്വന്തമായ അനവധി നിരവധി സ്ഥിരം കാഴ്ചകൾ ..
എല്ലാം കൊണ്ടും എന്റെ പടന്നക്കാട് വിശാലമായിരുന്നു ..
ഒരു മെഡിക്കൽഷോപ് ഇല്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം പടന്നക്കാട് സുലഭമായിരുന്നു .
.ഇന്ന് പക്ഷെ ഒന്നിന് പകരം 10 മെഡിക്കൽ ഷോപ് നമ്മൾ ഉണ്ടാക്കിയേനെ ..
അല്ല പിന്നെ ..
2012 September 17 നു അന്നത്തെ ബഹു: മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സർ ബ്രിഡ്ജ് ഉൽഘാടനം ചെയ്തപ്പോൾ ഏറ്റവും വലിയ ഓവർബ്രിഡ്ജുകളിലൊന്ന് എന്ന അലങ്കാരപ്പട്ടം നമുക്ക് കിട്ടിയെങ്കിലും നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെയേറെ മധുരമുള്ള കാഴ്ചകളും ഓർമ്മകളുമാണ്
വികസനത്തിന് പകരം നമുക്ക് നൽകേണ്ടി വന്നത് പടന്നക്കാട് എന്ന നമ്മുടെ സ്വന്തം നാടിനെ തന്നെയായിരുന്നു ..
ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു..
നമുക്കിഷ്ടം തിരക്ക് പിടിച്ച, ഒച്ചപ്പാടും ബഹളവും പ്രശ്നങ്ങളും ഒക്കെയുള്ള ആ പഴയ പടന്നക്കാടിനെ തന്നെയായിരുന്നു…
എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായ രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നത് കൊണ്ട് തന്നെ എന്നും ചൂടുള്ള കുറെ വിഷയങ്ങൾ ഉണ്ടാവും ചർച്ച ചെയ്യാനും അഭിപ്രായം പറയാനും പക്ഷെ ഇന്ന് വരെ ഒരു രാഷ്ട്രീയ കൊലപാതകമോ ..അത്തരം വലിയ തോതിലുള്ള അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ല എന്നുള്ളത് എന്റെ നാടിന്റെ മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ആണ്
കാലം ഒത്തിരി മുന്നോട്ട് സഞ്ചരിച്ചു..
ഞാൻ ബേങ്ക് റോഡിലൂടെ മുന്നോട്ട് നടക്കുമ്പോൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി …
ശൂന്യം .. ശുദ്ധ ശൂന്യം
ശാന്തം ..പരമ ശാന്തം
എല്ലാം എന്നെന്നേക്കുമായി മാഞ്ഞു പോയിരിക്കുന്നു ..
പടന്നക്കാട് എന്ന പേര് ഇപ്പോളാണ് അന്വർത്ഥമാകുന്നത് ..
ഒരു നാടിന്റെ ഹൃദയം ഇപ്പോൾ കാട് പിടിച്ചു കിടക്കുകയാണ് …
(ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനും എഴുതാനും ഉണ്ട് ..പക്ഷെ ഇപ്പോൾ നിർത്തുന്നു ..നിങ്ങളുടെ അഭിപ്രായം പറയുക)
സ്നേഹത്തോടെ സ്വന്തം സക്കു