(ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും)
ക്രിക്കറ്റ് കളിയുടെ ആവേശം ജീവിതത്തില്‍ കുത്തിനിറച്ച് കൊണ്ട് സന്തോഷത്തില്‍ അന്തിയുറങ്ങുന്ന രാവുകള്‍..
യോര്‍ക്കര്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ഏറെക്കൂറെ ടൂര്‍ണമെന്റ്ലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ക്കൊണ്ട് മുന്നേറുന്ന കാലഘട്ടം..
അന്നത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പോലെ വിജയം നമ്മൾ ശീലമാക്കിയപ്പോൾ അവരെ പിന്തുടര്‍ന്നു കൊണ്ട് നമ്മൾ മഞ്ഞകളർ ജെഴ്സി അടിച്ചു, മഞ്ഞപ്പട എന്ന വിളിപ്പേര് വന്ന നമ്മൾ നാട്ടിലും പ്രീയപ്പെട്ടവര്‍ ആയി മാറി
2,3 മാസത്തേക്ക് കളി നിര്‍ത്തുന്നതിനു മുമ്പുള്ള ഒരു മഴക്കാലത്തെ അവസാന ടൂര്‍ണമെന്റ്..
പെരിയാട്ടടുക്കം എന്ന ഉള്‍ ഗ്രാമം
വലിയ ടീമുകള്‍ ഒന്നും മത്സരിക്കാൻ ഉണ്ടാവില്ലെന്നും കരുതി നമ്മൾ ടീം മൊത്തം അവിടേക്ക് എത്തി
പ്രതീക്ഷകള്‍ തെറ്റി.. കാസര്‍കോട് ജില്ലയിലെ എല്ലാ മികച്ച കളിക്കാരും ടീമുകളും ഉണ്ട്.. അറിയപ്പെടുന്ന ഒരു ടീമിന്റെ ക്യാപ്റ്റന്‍ (Sportsline Kasargod) എന്റെ അടുത്ത് വന്നു നമ്മുടെ ടീമിന്റെ പേരും വരുന്ന നാടും ചോദിച്ചു
ഞാന്‍ ഉത്തരം പറഞ്ഞു
അയാൾ എന്നോട് പറഞ്ഞു “എന്തിനാ ഇത്രയും ദൂരത്ത് നിന്നുമൊക്കെ ഒത്തിരി പൈസ യൊക്കെ ചിലവാക്കി ഇവിടെ വന്നത്.. ഇവിടെ കളിക്കാന്‍ ഒരുപാട് വമ്പന്‍ ടീമുകള്‍ ഉണ്ട്, കളിക്കാതെ പോകുന്നതാണ് നിങ്ങള്‍ക്കു നല്ലത്”
പക്ഷേ പേടിച്ച് പിന്‍മാറാൻ നമ്മൾ തയ്യാറായിരുന്നില്ല
മത്സരം തുടങ്ങി.. പല വമ്പന്‍മാരെയും തോല്പിച്ചു നമ്മൾ മുന്നോട്ട്..
ഒടുവില്‍ സെമി ഫൈനലില്‍ നേരത്തെ എന്നെയും എന്റെ ടീമിനെയും പുച്ഛിച്ച ടീമിന്റെ എതിരെ.. വാശിയേറിയ മത്സരത്തില്‍ ആ വമ്പന്‍മാരെയും അട്ടിമറിച്ച നമ്മൾ ഫൈനലില്‍..
പിന്നീട് ചാമ്പ്യന്മാരായി തല ഉയർത്തി ഞാനും എന്റെ കൂട്ടുകാരും നാട്ടില്‍ എത്തിയപ്പോൾ ചാമ്പ്യന്‍മാരെ സ്വീകരിക്കാന്‍ ഒരു നാട് മൊത്തം ഉണ്ടായിരുന്നു
സെലക്ടട് നീലേശ്വരം എന്ന മികച്ച ടീമിനോട് ഒരു മാച്ചില്‍ ആദ്യമായി തോറ്റതിന്റെ അരിശം തീർക്കാൻ അടുത്ത ടൂര്‍ണമെന്റ്ല്‍ സംഘാടക സമിതിയോട് അവരെ തന്നെ ചോദിച്ച് വാങ്ങി പരാജയപ്പെടുത്തിയതും ആ ടൂര്‍ണമെന്റ്യില്‍ ചാമ്പ്യന്മാര്‍ ആയതും ഒക്കെ നമ്മുടെ ടീമിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു..
2004 ലെ അവസാന കാലഘട്ടം…
“ഒരു ദിവസം 6 ലിറ്റര്‍ പാല്‍ കുടിക്കുന്ന സുന്ദരനായ ഒരു നീളന്‍ മുടിക്കാരന്‍”
പത്രത്തിൽ വാർത്ത വന്ന അദ്യ കാലങ്ങളില്‍ തന്നെയും ഒരുപാട് ഇഷ്ടം തോന്നിയ ക്രിക്കറ്റര്‍. സാക്ഷാല്‍ “മഹേന്ദ്ര സിങ് ധോണി” ആദ്യ 3,4 മാച്ചില്‍ മികച്ച പ്രകടനം വരാതെ വന്നപ്പോൾ ഇയാളെ ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്താക്കുമോ എന്ന ആശങ്ക.. പക്ഷേ ആറാമത്തെ മത്സരത്തില്‍ ധോണി സെഞ്ചുറി അടിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷങ്ങൾ ” അന്ന് കോളേജ് വിട്ട് വന്ന ഞാന്‍ ധോണിയുടെ കളിയെകുറിച്ച് സുഹൃത്ത് ആയ പ്രേമനോട് ആവേശത്തോടെ ചോദിച്ചറിഞ്ഞു.. ഒടുവില്‍ കാലം കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് കളിക്കാരന്‍ ആയ എന്റെ സുഹൃത്ത് KM Asif ലൂടെ ധോണിയെ കുറിച്ച് ഒരുപാട് ചോദിച്ചറിഞ്ഞപ്പോള്‍ അന്ന് തുടങ്ങിയ ധോണി ഇഷ്ടം ഇന്നും തുടരുന്നു)
പകലും രാത്രിയും ഏതെന്ന് തിരിച്ചറിയാത്ത ക്രിക്കറ്റ് ദിവസങ്ങളിലെ ഒരു രസകരമായ ഒരു അനുഭവ കഥയിലേക്ക്..
അന്നൊക്കെ രാത്രിയില്‍ തൊട്ടടുത്തുള്ള പെങ്ങള്‍ക്ക് കൂട്ട് കിടക്കാന്‍ പോവുന്ന പതിവ് ഉണ്ടായിരുന്നു..അവള്‍ക്ക് നല്ല പേടിയാണ് ഒറ്റക്ക് ഒരു വീട്ടില്‍ കൊച്ചു കുട്ടികളുടെ കൂടെ കിടക്കാന്‍..ഞാന്‍ തൊട്ടടുത്തുള്ള മുറിയില്‍ ഉണ്ടല്ലോ എന്ന വിശ്വാസത്തില്‍ അവൾ സുന്ദരമായ ഉറങ്ങിയിരുന്ന ദിവസങ്ങൾ.. പക്ഷേ രാത്രി ക്രിക്കറ്റ് മാച്ച് വരുമ്പോൾ അവൾ പോലും അറിയാതെ ഞാന്‍ വാതില്‍ പുറത്ത് നിന്നും പൂട്ടി ചാവി എടുത്ത് കളിക്കാന്‍ പോവും..രാവിലെ അവൾ കാണാതെ ഞാന്‍ പതിയെ എന്റെ റൂമിൽ വന്നു കയറും അത് ആയിരുന്നു എന്നും പതിവ്.. ഒരു ദിവസം പക്ഷേ മാച്ച് കഴിയാന്‍ വൈകി.. നേരം 10 മണി ആയിട്ടും എന്റെ അനക്കം കാണാതെ വന്നപ്പോള്‍ എന്റെ മുറിയില്‍ അവൾ പോയി നോക്കിയതോട്കൂടി ആ രാത്രി ക്രിക്കറ്റ് കുറച്ച് നാളത്തേക്ക് നിര്‍ത്താന്‍ നിര്‍ബന്ധിതനായി
2007 ലെ തണുപ്പുള്ള ഒരു നോമ്പ് കാലം
രാവിലെ സുബഹി നിസ്കാരത്തിന് വേണ്ടി പള്ളിയില്‍ എത്തിയപ്പോൾ ആണ് അറിഞ്ഞത് T20 വേള്‍ഡ് കപ്പില്‍ ഇന്ത്യ പാകിസ്താനെ ബോള്‍ഔട്ടില്‍ തോല്പിച്ചു എന്ന് (മത്സരം ടൈ ആയപ്പോൾ ഞാന്‍ ടിവി ഓഫ് ചെയ്തിരുന്നു)
ധോണിയുടെ കീഴില്‍ ഇന്ത്യ വേള്‍ഡ് ചാമ്പ്യന്‍മാര്‍ ആയപ്പോള്‍ ഈ ക്രിക്കറ്റ് ഭ്രാന്തന്‍ തുള്ളിചാടുകയായിരുന്നു.. പക്ഷേ 2008 ലെ തുടക്കത്തിൽ നടന്ന ആദ്യ IPL ഫൈനല്‍ മത്സരത്തില്‍ ധോണിയുടെ ടീം തോറ്റപ്പോൾ എന്നെ കളിയാക്കിക്കൊണ്ട് ടീം ക്ലബിന്റെ ചുമരില്‍ എന്റെ കോലം വരച്ചു വെച്ചതൊക്കെ ഇന്നലെകളിലെ നല്ല ഭ്രാന്തന്‍ ഓര്‍മകള്‍ ആണ്
പഠിത്തം കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങിയെങ്കിലും ക്രിക്കറ്റ് കളിയുടെ ജ്വരം ഒരു തരി പോലും കുറവ് വന്നിട്ടില്ല.. 2009 ലെ പകുതിയില്‍ പെട്ടെന്നാണ് ആ സന്തോഷ വാർത്ത വന്നത്..
ജോലി കഴിഞ്ഞ് പുരയില്‍ എത്തിയപ്പോൾ ഉമ്മ സന്തോഷത്തോടെ എന്നോട് പറഞ്ഞു “മോനെ ദുബായിലേക്ക് വിസ കിട്ടി”
എന്റെ മുഖത്ത് സന്തോഷം
വീണ്ടും ഉമ്മ പറഞ്ഞു ഇനിയെങ്കിലും നിന്റെ കളി നിര്‍ത്തുമല്ലോ
പെട്ടെന്ന് എന്റെ മുഖം വാടി
വിസ വന്നതോടെ
ജോലി ഉപേക്ഷിച്ചു
ദുബായിലേക്ക് പോവാനുള്ള ദിവസം അടുത്ത് വന്നു..
യോര്‍ക്കർ ക്രിക്കറ്റ് ടീമിന്റെ യാത്രയയപ്പ് ദിവസം..
നിറ കണ്ണുകളോടെ ഞാന്‍ ഷൈബു വിന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു ‘ഞാന്‍ ഇല്ലെന്ന് കരുതി യോര്‍ക്കര്‍ ടീം കളി നിര്‍ത്തരുത്
കളിക്കണം.. ഇനിയും കപ്പുകള്‍ വാരിക്കൂട്ടണം’
ഏറെ വേദനിച്ച നിമിഷങ്ങൾ കുട്ടിക്കാലം മുതൽ കൂടെ കളിച്ചു വളര്‍ന്ന കൂട്ടുകാരെയും നാടിനെയും പ്രാണനെ പോലെ സ്നേഹിച്ച ക്രിക്കറ്റ് മൈതാനങ്ങളെയും ഉപേക്ഷിച്ച് മരുഭൂമിയിലെ മണലാരണ്യത്തിലേക്ക്…
എല്ലാവരോടും എന്നോട് പറഞ്ഞു
“ഇത്രയും നാള്‍ നീ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചു നടന്നു.. ഇനി ദുബായില്‍ പോയാല്‍ അവിടെ ഇത് പോലെ കളിക്കാന്‍ ഒന്നും പറ്റില്ല.. നീ ടിവി യില്‍ പോലും കളി കാണാന്‍ നില്‍ക്കരുത്.. എല്ലാ കളി ഭ്രാന്തും നീ മറക്കണം”
ഞാന്‍ ശെരി എന്ന നിലയില്‍ തലയാട്ടി
അദ്യ പ്രണയിനിയായ ക്രിക്കറ്റ് എന്ന എന്റെ കാമുകിയെ ഉപേക്ഷിച്ച വേദനയുമായി ഈ ക്രിക്കറ്റ് ഭ്രാന്തന്‍ ക്രിക്കറ്റ് ഇല്ലാത്ത ദുബായ് നഗരത്തിലേക്ക് ജൂൺ മാസത്തിലെ ഒരു പുലര്‍ച്ചെ ഫ്ലൈറ്റ് വന്നിറങ്ങി..
പക്ഷെ…
(തുടരും ഈ ഭ്രാന്തന്‍ കഥ)