പത്തു വർഷത്തെ പ്രവാസ ജീവിതത്തിൽ രണ്ടു മൂന്ന് തവണ മാത്രമാണ് നോമ്പ് കാലം കുടുംബത്തിന്റെ കൂടെ ചിലവഴിച്ചത്.. ബാക്കിയുള്ള വർഷങ്ങളെല്ലാം നോമ്പ് കാലം മണലാരണ്യത്തിൽ തന്നെയായിരുന്നു.
പ്രവാസത്തിലെ ആദ്യ കാലം ദുബായിലായിരുന്നു .. ജ്യേഷ്ടസഹോദരനും മറ്റു ബന്ധുക്കളും ആയിരുന്നു കൂടെ ..ഒരിക്കലും മറക്കാൻ പറ്റാത്ത നോമ്പ് കാലം ആയിരുന്നു അതൊക്കെ ..നോമ്പ് മുറിക്കാനുള്ള വിഭവങ്ങൾ ജ്യേഷ്ഠൻ റെഡി ആക്കി വെക്കുമ്പോളേക്കും ഞാനും സിദ്ദീഖിച്ചായും ഷിഹാബും യൂനുസ് ഭായിയും ഒക്കെ അടുക്കള യിൽ നിന്നും കൈയിൽ കിട്ടിയ പാത്രങ്ങളും ചട്ടിയും ഒക്കെ എടുത്തു ഒരു ഓട്ടമാണ് ബിരിയാണിയും അലീസയും ഒക്കെ കൊടുക്കുന്ന അറബി വീടുകൾ തേടി മണിക്കൂറുകളോളം കാത്തു നിന്നാൽ ആണ് അരചെമ്പു ബിരിയാണി കിട്ടല് ..
അലീസയും കൂടി കിട്ടിയാൽ ജോറായി ..ഫുൾ ഹാപ്പി അറബി വീട്ടിലെ ജോലിക്കാരിയായ ഒരു സ്ത്രീയുണ്ട് അവരുടെ അധികാരം ആണ് അവിടെ ..കൂട്ടത്തിൽ കുറച്ചു അറബി അറിയുന്ന സിദ്ധീഖിച്ച അവരെ സോപ്പിങ്ങാക്കി കൂടുതൽ ബിരിയാണി വാങ്ങാൻ നോക്കും ..അപ്പോൾ അവരുടെ ഒരു ആട്ടിയോടിക്കലും ഡയലോഗും ഉണ്ട്
‘ശുറൂമിനാക്ക് ..ശുറൂമിനക്ക് ‘ ഇന്നും ആ വാക്കിന്റെ അർഥം എനിക്കറിയില്ല .. അതൊക്കെ ഓർക്കുമ്പോൾ ഇന്ന് ചിരിയും അത്ഭുതവും തോന്നുന്നു ..ആ പെരുന്നാളിന് നമ്മൾ റൂമിലുള്ള എല്ലാവരും ഫുജൈറയിൽ അർബാബിന്റെ കാർ എടുത്തു കറങ്ങാൻ പോയത് വല്ലാത്ത ഒരു അനുഭവവും ഓർമിക്കാനുള്ളതുമായിരുന്നു ..
അപ്പോളും പെരുന്നാളിന് നാടും കുടുംബവും വിട്ടു മണലാരണ്യത്തിൽ ഒറ്റപ്പെട്ടു പോയ ഒരു ഫീലിങ്ങ്സ് ഉണ്ടായിരുന്നു ..ആർക്ക് വേണ്ടിയാണ് പുതിയ ഡ്രസ്സ് വാങ്ങുന്നത് ..ആരെ കാണിക്കാൻ ആണ്. നാട്ടിൽ ആണെങ്കിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞു പുരയിലേക്ക് പോകുന്ന വഴിയിൽ കണ്ടു മുട്ടുന്ന എല്ലാ അയൽവാസികളും കൂട്ടുകാരും പെരുന്നാൾ ഡ്രെസ്സിനെകുറിച്ചുള്ള അഭിപ്രായങ്ങൾ പറയും ..അത് കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം തന്നെയാണ് മതസൗഹാർദ്ദത്തിന് പേരുകേട്ട നാടാണ് എന്റെ നാട് പക്ഷെ ദുബായിൽ വന്നപ്പോൾ ആ ഓർമ്മകളൊക്കെ വല്ലാതെ മിസ് ചെയ്യുന്നു ..
ദുബായിലെ നോമ്പുകാലത്തു ഏറ്റവും സുഖമുള്ള കാര്യം പ്രാർത്ഥനയും നിസ്കാരവും ആണ്
ദേരയിലെ ഇഷ്ടിക പള്ളിയിൽ തറാവീഹ് നിസ്കരിക്കുന്നതിന്റെ ഒരു സുഖം..അൽഹംദുലില്ലാഹ് അത് ഒരു അനുഭൂതിയാണ് ..ഈ വർഷം അവിടെ ഒരു തറാവീഹ് നിസ്കാരത്തിനെങ്കിലും പോവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ..പക്ഷെ നടന്നില്ല
ഇവിടെ പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞു വന്നാൽ ഡ്രസ്സ് മാറ്റി റൂമിൽ കിടന്നൊരുറക്കം അതാണ് പ്രവാസത്തിലെ പല പെരുന്നാളിലും സംഭവിക്കുന്നത്
അളിയൻ ജാഫർ ഷാർജയിൽ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ അവിടെ പെരുന്നാൾ ദിവസം നിൽക്കാൻ പോവാറുണ്ട് ..അവിടെ എത്തുമ്പോൾ ഒരു ഉഷാറാണ് അവിടെ എന്റെ പ്രായമുള്ള കുറെ പിള്ളേരുണ്ടായിരുന്നു ..
കാലം മാറി ..
ദുബായ് വിട്ടു ഷാർജയിലേക്ക് ജോലി മാറി ..
മൂത്ത ജ്യേഷ്ഠന്റെ കൂടെ ആയി താമസം ..
നോമ്പ് കാലത്തു അവിടെ പുതിയതായി തുടങ്ങിയ മദ്രസ്സയിൽ വെച്ചായി നോമ്പ് തുറ ..
അഞ്ചു വർഷത്തോളം അത് തുടർന്നു ..പെരുന്നാൾ ദിവസങ്ങളിൽ നാട്ടിലെ ഓർമകളിലാണ് എന്നും മനസ്സ് ഒന്നിനും ഒരു മൂഡില്ലാത്തതു പോലെ..
വിരസമായ ഒരു പെരുന്നാൾ ..
കല്യാണം കഴിഞ്ഞതിനു ശേഷം ഒരു നോമ്പുകാലം നാട്ടിൽ പോയി ..മൂന്ന് നോമ്പ് കിട്ടി..രണ്ടു നോമ്പ് എന്റെ പുരയിൽ ഉമ്മയുടെയും വീട്ടുകാരുടെയും കൂടെ കൂടിയപ്പോൾ ഒരു നോമ്പുതുറക്കാൻ ഭാര്യ വീട്ടിൽ പോയി ..
ഒരുപാട് വിഭവങ്ങൾ ഉണ്ടായിരുന്നു ..
കുറെ നാളുകൾ ആയിട്ട് ആകെ ഓർമിക്കാൻ ആ മൂന്ന് ദിവസം മാത്രം ..
ബാക്കിയെല്ലാം ഷാർജയിലെ റൂമും പള്ളിയും മദ്റസയും ആണ് നോമ്പുകാലവും പെരുന്നാളും കഴിഞ്ഞു കൂടുന്നത് ..
പെരുന്നാൾ ദിവസം ഒരു പ്രവാസിക്ക് മിസ് ആവുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ കാര്യങ്ങളാണ് ..
പുത്തൻ ഡ്രെസ്സിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സ്വന്തം മക്കൾ ..മരുമക്കൾ ..ഉമ്മ ..ഭാര്യ പെങ്ങന്മാർ ..മറ്റു വീട്ടുകാർ ..സ്വന്തം മകൾക്ക് മെയിലാഞ്ചി ഇട്ടു കൊടുക്കാൻ ഉള്ള അവസരം ഇല്ല ഭാര്യയുടെ ഡ്രെസ്സിനു നല്ലവാക്ക് പറയാനുള്ള അവസരമില്ല ..
അവളുടെ മുഖത്തു വിരിയുന്ന പെരുന്നാളിന്റെ സന്തോഷം കാണാനുള്ള ഭാഗ്യമില്ല ..
സ്വന്തം ഉമ്മയുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ..
ഉപ്പയുടെ കൂടെ പള്ളിയിൽ പോകാനുള്ള ആഗ്രഹം മനസ്സിലേറ്റി മനസ്സ് വിങ്ങി പൊട്ടുന്നു നമ്മൾ പ്രവാസികൾ ..
പെരുന്നാൾ ദിവസമാണ് ഒരു പ്രവാസി ശെരിക്കും പ്രവാസി ആവുന്നത് ..
അവന്റെ ഏറ്റവും വലിയ ആഗ്രഹങ്ങൾ നടക്കാതെ പോവുന്നത് അന്നാണ് …
ഈ വർഷത്തെ രണ്ട് നോമ്പ് എന്റെ കൂടെ ഷാർജയിൽ കഴിഞ്ഞ എന്റെ ഭാര്യയെയും മകളെയും നാട്ടിലേക്ക് ഫ്ലൈറ്റ് കയറ്റി വിടുമ്പോൾ പെരുന്നാൾ ദിവസം അവരെ മിസ്ചെയ്യുമല്ലോ എന്നോർത്ത് എന്റെ മനസ്സ് പിടഞ്ഞത് എന്റെ ഭാര്യക്ക് മനസ്സിലായിക്കാണും അത് അവളുടെ മുഖത്തു ഉണ്ടായിരുന്നു ..
പക്ഷെ പാവം എന്റെ മോൾക്ക് ഒന്നും മനസിലായില്ല ബാപ്പക്ക് ടാറ്റാ പറഞ്ഞു പോകുമ്പോൾ അവളുടെ മുഖത്തു അപ്പോളും പുഞ്ചിരി ഉണ്ടായിരുന്നു ..
ഇന്ന് പെരുന്നാൾ രാത്രി ..
നാട്ടിലെ ഓർമ്മകൾ തന്നെയാണ് മനസ്സിൽ ..
പുത്തനുടുപ്പ് ഇട്ട മകളുടെ ..
മറ്റു കുട്ടികളുടെ ..
സ്നേഹത്തിന്റെ ഉറവിടമായ ഉമ്മയുടെ..
മെഹന്ദി ഇട്ട പ്രിയതമയുടെ ..
സന്തോഷം ഒപ്പിയെടുക്കുന്ന വാട്സപ്പ് ഫോട്ടോയും കാത്തു ഈ പ്രവാസ ജീവിതം തുടരുന്നു ..
പെരുന്നാൾ ദിവസം സ്വന്തം ഉപ്പായുടെ കബർസ്ഥാനിൽ പോയി ഒന്ന് പ്രാർത്ഥിക്കാൻ പോലും പറ്റാത്തതിന്റെ വിഷമവും പേറി
അനന്തമില്ലാത്ത ഈ ദൂരയാത്ര തുടരുന്നു …
സ്നേഹത്തോടെ സ്വന്തം സക്കു