ഓർമയിലെ നോമ്പ് കാലവും പെരുന്നാൾ രാവും (ഭാഗം 1)
By Sakeer Kottikulam • May 5, 2020
തെളിഞ്ഞു വരുന്ന ആദ്യ രംഗം..
നോമ്പ് മുറിക്കാൻ ഉള്ള സര്ബത് ഉണ്ടാക്കാൻ തണുത്ത വെള്ളം വേണം..
അന്ന് ഫ്രിഡ്ജ് ഉള്ളത് ഉമ്മാന്റെ തറവാടിലാണ് ..
ഇരുപത്തിയഞ്ചു മിനുട്ട് നടക്കാനുള്ള ദൂരമുണ്ട് കഞ്ഞിപാത്രത്തിൽ തണുത്ത വെള്ളവും വാങ്ങി വരുന്ന ഞാനും എന്റെ ഇത്താത്തയും രണ്ടു മണിക്കൂർ എടുത്താലും വീട്ടിലെത്തില്ല.
ഞങ്ങടെ തമാശയും കളിയും പിന്നെ കണ്ടതെല്ലാം നോക്കി വഴി വക്കിൽ കുന്തം വിഴുങ്ങിയത് പോലുള്ള നിർത്തവും കാരണം പുരയിൽ എത്തുമ്പോളേക്കും തണുത്ത വെള്ളം പച്ച വെള്ളമായിക്കാനും എന്നാലും അതും കാത്തു ഉമ്മ വഴിവക്കിലുണ്ടാവും അപ്പോളേക്കും മഗ്‌രിബ് ബാങ്കും വിളിക്കും ..
അന്നൊക്കെ നോമ്പ് മുറിക്കാൻ പലതരം പലഹാരങ്ങളോ ഫ്രൂട്ട്സോ ഒന്നും ഉണ്ടാവില്ല
കസ്കസ് കൊണ്ടുള്ള നാരങ്ങാ സർബത്തും ബത്തക്കയും കുറച്ചു മുന്തിരിയും ഉണ്ടാവും അത്താഴത്തിനാണെങ്കിൽ പഴം കഞ്ഞിയും ചെറുപയർ വെള്ളം കറിയും മാസ് പൊടിച്ചതും സുലൈമാനിയും പാർലെജി ബിസ്ക്കറ്റും റസ്‌ക്കും
അത്താഴം കഴിഞ്ഞു നമ്മൾ കുട്ടികൾക്ക് സുബഹി നിസ്കരിക്കാൻ പള്ളിയിൽ പോവാൻ ഭയങ്കര ആവേശമായിരുന്നു ..
ഇന്നത്തെ പോലെ തെരുവ് വിളക്കൊന്നുമില്ല
എങ്ങും കൂരിരുട്ട് ഒരു ടോർച്ചിന്റെ മിന്നാ വെളിച്ചം മാത്രം.
അന്നത്തെ കാലത്തെ എൻ പി ലോറി കാണുമ്പോൾ നമ്മൾ പേടിച്ചോടാറുണ്ട് കുട്ടികളെ പിടിക്കുന്ന ആൾക്കാരാണ് അന്യ സംസ്ഥാനക്കാരായ ലോറിക്കാർ അതൊക്കെ സത്യം ആയിരുന്നോ എന്നൊന്നും അന്നും ഇന്നും അറിയില്ല
ഒരു നോമ്പ് കാലത്തെ വൈകുന്നേരം ഫ്രൂട്സ് വാങ്ങി വരുന്ന ഞാൻ ബൈക്കിൽ നിന്നും തെറിച്ചു വീണു നെറ്റി പൊട്ടി ചോരയൊലിക്കുന്ന ഞാൻ ഏറെക്കൂറെ നോമ്പിന്റെ ക്ഷീണത്തിൽ ബോധംകെട്ടിരുന്നു
നാല് സ്റ്റിച്ചാണ് അന്ന് തമ്പുരാൻ ഡോക്ടർ എന്റെ നെറ്റിയിൽ തുന്നിച്ചേർത്തത് ..
ഇന്നും അതിന്റെ പാട് എന്റെ ഇടത്തേ നെറ്റിയിലുണ്ട്..
എന്റെ ഓർമ ശെരിയാണെങ്കിൽ എനിക്ക് പ്രായം 13,14 വയസ്സ് ആയിക്കാണും
ഒരു നോമ്പ് കാലത്തു ഇരുപത്തിയേഴാം നോമ്പിന്റെ അന്ന് നമ്മൾ കുട്ടികൾ നോമ്പിന്റെ പൈസക്ക് വീടുകളിൽ ചെന്നു..
അങ്ങനെ നടന്നു നടന്നു ക്ഷീണിച്ചു ഉച്ച ആയപ്പൊളേക്കും നോമ്പ് പകുതി വെച്ച് മുറിച്ചു നോമ്പിന്റെ പൈസ വാങ്ങാൻ വീടുകളിൽ കയറിച്ചെന്നത് ഇന്നും എന്റെ പുരക്കാർ ആരും അറിഞ്ഞിട്ടില്ല…
നോമ്പ് കാലത്തു കൈ വിരലിലെ നഖങ്ങളിൽ ഒരു വെളുത്ത വര കാണപ്പെടാറുണ്ട്..
അങ്ങനെ വരയുടെ എണ്ണം നോക്കി പെരുന്നാളിന് എത്ര ഡ്രെസ്സുകൾ ഗിഫ്റ്റ് കിട്ടുമെന്ന് നോക്കുന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു..
പലപ്പോളും അത് ശെരിയും ആയിരുന്നു..
എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും ഉപ്പ നമുക്ക് എല്ലാവർക്കും പുത്തൻ ഉടുപ്പ് വാങ്ങി തരുമായിരുന്നു..
അന്ന് ഉപ്പ വാങ്ങി തരുന്ന പുത്തനുടുപ്പിന്റെ മണം ഒന്നും നമ്മൾ ഇപ്പോൾ സ്വയം അദ്ദ്വാനിച്ചു വാങ്ങുന്ന പുത്തനുടുപ്പിനു കിട്ടുന്നില്ല ഉപ്പാന്റെ വിയർപ്പിന്റെ മണം ആയിരുന്നു അതെന്നു തിരിച്ചറിയുന്നു ഞാൻ ഇന്ന് അതൊക്കെ
തുടരും…
സ്നേഹത്തോടെ സ്വന്തം സക്കു